തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് മദ്യവും കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പന പൊടിപൊടിക്കുന്നതായി പരാതി. നിലവിൽ ആർക്കുവേണമെങ്കിലും മെഡിക്കൽ കോളേജിനുള്ളിൽ പ്രവേശിച്ച് ലഹരി കച്ചവടം നടത്താമെന്ന് രോഗികൾ പരാതിപ്പെടുന്നു.
കൂട്ടിരിപ്പുകാർക്കും ഇവർ ലഹരികൾ വിൽക്കുന്നുണ്ട്. നിരവധി കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള 40ലധികം പേർ ക്യാമ്പസിനുള്ളിൽ അന്തേവാസികളായി കഴിയുന്നുണ്ട്.സ്വദേശികൾക്ക് പുറമെ അന്യസംസ്ഥാന തൊഴിലാളികളും ലഹരി വില്പനയുമായി ആശുപത്രി പരിസരത്തുണ്ട്. ഇത്തരം സംഘങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിൽ മോഷണം നടത്തി പിടിയിലാകാറുണ്ട്.
ഒ.പി ടിക്കറ്റ് എടുത്ത് മോഷണം
സ്ഥിരമായി ഒ.പി ടിക്കറ്റെടുത്ത് വാർഡുകളിൽ കയറി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകളും വില പിടിപ്പുള്ള വസ്തുക്കളും വിദഗ്ദ്ധമായി മോഷ്ടിക്കുന്ന സംഘങ്ങളും ആശുപത്രി പരിസരത്ത് സജീവമാണ്. അത്യാഹിത വിഭാഗത്തിൽ എത്തുന്നവരുടെയൊപ്പം അകത്ത് കടന്നുകൂടും.രാത്രി എസ്.എ.ടിക്ക് പുറത്ത് കിടന്നുറങ്ങുന്ന പുരുഷന്മാരുടെ പണവും മോഷ്ടിക്കാറുണ്ട്.ഒരു മൊബൈൽ ഫോൺ മറിച്ച് വിൽക്കുമ്പോൾ 3000 രൂപ മുതൽ ലാഭം ലഭിക്കും. മൊബൈൽ മോഷണത്തിൽ പ്രായപൂർത്തിയാകാത്തവരെയടക്കം സെക്യൂരിറ്റി ജീവനക്കാർ പിടികൂടിയിട്ടുണ്ട്.
ജീവനക്കാർക്ക് ഭീഷണി
മെഡിക്കൽ കോളേജിന്റെ അകത്ത് വഴിയോരക്കച്ചവടങ്ങൾ പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് നടപ്പാതകളിൽ പോലും കച്ചവടങ്ങൾ പുരോഗമിക്കുന്നുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവർത്തകരും ഇവരിൽ നിന്ന് ഭീഷണിയും നേരിടുന്നു. മഫ്തി പൊലീസിനെയും സെക്യൂരിറ്റി ജീവനക്കാരെയും കാണുമ്പോൾ ഇവർ പരസ്പരം സിഗ്നൽ നൽകി സ്ഥലത്തുനിന്ന് പോകും. മെഡിക്കൽ കോളേജിന്റെ മുക്കും മൂലയും ഇവർക്ക് മനഃപാഠമാണ്.ആർക്കെങ്കിലും നേരെ നടപടിയെടുത്താൽ ഇവർ കൂട്ടമായി അക്രമാസക്തരാകും.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മെഡിക്കൽ കോളേജ് മാറിക്കഴിഞ്ഞു.
മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരൻ