payattuvila-kulam

കല്ലമ്പലം : കുളങ്ങളുടെ നാടായ നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽ ചെറുതും വലുതുമായ നിരവധി കുളങ്ങളുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ഉപയോഗപ്രദമായ കുളങ്ങൾ രണ്ടോമൂന്നോ മാത്രമാണ്. ഇതിലൊന്നാണ് മാടൻകാവ് പയറ്റുവിള കുളം. കുളിക്കാനും നീന്തൽ പരിശീലനത്തിനുമായി ഇത് ധാരാളം പേർ ഉപയോഗിക്കുന്നുണ്ട്. പഞ്ചായത്തിലെ മറ്റുള്ള കുളങ്ങൾ മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ ശൂന്യമായതുകൊണ്ടും വലിയകുളത്തിൽ അപകടമരണങ്ങൾ തുടർക്കഥയായതുകൊണ്ടുമാണ്‌ കൂടുതൽപേർ നിത്യേന ഈ കുളത്തെ ആശ്രയിക്കുന്നത്. പഞ്ചായത്തിലെ നാലാം വാർഡിൽ കപ്പാംവിള- മുക്കുകട റോഡിൽ പയറ്റുവിളക്ക് സമീപമാണ് കുളം സ്ഥിതിചെയ്യുന്നത്. ആഴം കുറവുള്ള കുളമായതിനാൽ ഏത് പ്രായക്കാർക്കും നീന്തൽ പരിശീലിക്കാം. കുളത്തിന്റെ മദ്ധ്യഭാഗത്തായി ഒരു മിനി കുളം ഉണ്ട്‌. ഇവിടെ മാത്രമാണ് ആഴമുള്ളത്. മൺസൂണിന് മുന്നോടിയായി പ്രദേശവാസികൾ പായൽവാരി കുളം വൃത്തിയാക്കിയതോടെ ഏതു സമയവും തെളിഞ്ഞ വെള്ളമാണ്.അതേസമയം കൂടുതൽ വിസ്തൃതിയും 22 വാർഡുകളും ഉള്ള പഞ്ചായത്തിൽ എഴുപതോളം കുളങ്ങൾ വേറെ ഉണ്ട്. ഭൂരിഭാഗം കുളങ്ങളും പരിപാലനമില്ലാതെ മാലിന്യങ്ങൾ നിറഞ്ഞ് കൊതുകുകൾ പെരുകി കൊതുക് ഫാക്ടറികളായി മാറിയിട്ടുണ്ട്. വിരലിലെണ്ണാവുന്ന കുളങ്ങൾ മാത്രമാണ് കുളിക്കാനും, നനയ്ക്കാനും, കാലികളെ കുളിപ്പിക്കാനും മറ്റും ഉപയോഗിക്കുന്നത്. കുളങ്ങൾ സംരക്ഷിക്കാത്തതുമൂലം വേനൽക്കാലത്ത് കുടിവെള്ള ക്ഷാമവും നേരിടുന്നുണ്ട്.

നിരവധി പേർ ആശ്രയിക്കുന്ന കുളം

കുളത്തിന്റെ ഒരു തലക്കൽ നിന്നും ഊറ്റായി ഒഴുകിയെത്തുന്ന വെള്ളം മറുവശം വഴി ഒഴുകി ഒഴുകിപോകുന്നതിനാൽ വെള്ളം എപ്പോഴും ശുദ്ധമാണ്. നാവായിക്കുളം, കരവാരം, പള്ളിക്കൽ, മടവൂർ പഞ്ചായത്തുകളിൽ നിന്നായി നിത്യേന നൂറോളം പേർ നീന്തൽ പഠിക്കാനും കുളിക്കാനുമായി എത്തുന്നുണ്ട്. അതോടെയാണ് കുളം രാജ്യാന്തരതലത്തിൽ ഉയർത്തണമെന്ന ആവശ്യം ഉയർന്നത്.

കുളം സ്ഥിതി ചെയ്യുന്നത് .... 21.5 സെന്റിൽ

നീളം...50 മീറ്റർ

വീതി.....20 മീറ്റർ