
കൊല്ലം: ജില്ലയിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ ഉൾപ്പെട്ട തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ കൈവശമുള്ള കടൽ പുറമ്പോക്ക് ഭൂമി ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകാൻ അനുമതി നൽകി റവന്യു വകുപ്പ് ഉത്തരവായി.
പള്ളിത്തോട്ടം മുതൽ മുതാക്കര വരെയുള്ള തീരദേശ താമസക്കാരായ മത്സ്യത്തൊഴിലാളികൾ സർക്കാരിന് നൽകിയ നിവേദനത്തിന്റെയും ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കൈവശക്കാർക്ക് ഭൂമി പതിച്ചുനൽകാൻ റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിട്ടത്.
മത്സ്യത്തൊഴിലാളികളുടെ കൈവശ ഭൂമിക്ക് പട്ടയം നൽകാൻ നടപടി തുടങ്ങിയതായി റവന്യു മന്ത്രി ഏതാനും ദിവസം മുമ്പ് നിയമസഭയിൽ അറിയിച്ചിരുന്നു. പ്രദേശങ്ങൾ കടൽത്തീർത്ത് നിന്ന് 150 മുതൽ 200 മീറ്റർ വരെ ദൂരത്താണെന്നും കടലിനും പ്രദേശങ്ങൾക്കും മദ്ധ്യത്തിലൂടെ 25 മീറ്ററിലധികം വീതിയുള്ള കൊല്ലം - പോർട്ട് റോഡ് കടന്നുപോകുന്നുണ്ടെന്നും കളക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മത്സ്യത്തൊഴിലാളികൾക്ക് മണ്ണായി
 സ്വന്തമായി ഭൂമിയെന്നത് വർഷങ്ങളായുള്ള ആവശ്യം
 ചെറിയ വീടുകളിലും കുടിലുകളിലും താമസിച്ചിരുന്നവർക്ക് ആശ്വാസം
 അരനൂറ്റാണ്ടിലേറെയായി താമസിച്ചുവരുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക
കൈവശമുള്ള ഭൂമി - 15 ഏക്കർ
കുടുംബങ്ങൾ - 500 ഓളം
കൊല്ലം തുറമുഖത്തിനായി ടെർമിനലും വാർഫും നിർമ്മിച്ചിട്ടുള്ളതിനാൽ പ്രദേശത്ത് കടൽത്തിരയോ കടൽ ക്ഷോഭമോ ഒരു വിധത്തിലും ബാധിക്കില്ല.
എൻ.ദേവിദാസ്
ജില്ലാ കളക്ടർ (റിപ്പോർട്ടിൽ പറയുന്നത്)