vella

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷനിൽ ഒഴിവുവന്ന സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറിയുമായ വി.ആർ.പ്രതാപനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു.

വിദ്യാർത്ഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക് വന്ന പ്രതാപൻ പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും മാഗസിൻ എഡിറ്ററും കെ.എസ്.യു നെടുമങ്ങാട് താലൂക്ക് പ്രസിഡന്റുമായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയൻ രംഗത്തും അസംഘടിത തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനത്തും പ്രവർത്തിക്കുന്നു. കെ.പി.സി.സിയുടെ കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയും നാടകസമിതിയായ സാഹിതി തിയേറ്റേഴ്സിന്റെ സെക്രട്ടറിയുമാണ്. നിലവിൽ സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമ ബോർഡ്, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് എന്നിവിടങ്ങളിൽ അംഗമാണ്. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ പ്രതിമാസ പ്രസിദ്ധീകരണമായ ഇന്ത്യൻ തൊഴിലാളി മാസികയുടെ പത്രാധിപരുമാണ്.

കോൺഗ്രസ് നേതാവായിരുന്ന വെള്ളനാട് ശശി പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് സി.പി.എമ്മിൽ ചേരുകയും ജില്ലാ പഞ്ചായത്ത് അഗത്വം രാജിവയ്ക്കുകയും ചെയ്ത ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ്.