തിരുവനന്തപുരം: കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിലുണ്ടായ തീപിടിത്തത്തിൽ പ്ലാസ്റ്റിക് റീസൈക്ളിംഗ് പ്ലാന്റ് പൂർണമായി കത്തിനശിച്ചു. ആളപായമില്ല. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. പവർപായ്ക്ക് പോളിമേഴ്സ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. ചാക്ക,​ പനവിള,​ കഴക്കൂട്ടം തുടങ്ങി ജില്ലയിലെ ആറോളം സ്റ്റേഷനുകളിൽ നിന്നായി 12ഓളം യൂണിറ്റുകളെത്തി അഞ്ച് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സ്ഥാപനയുടമ ആനയറ സ്വദേശി ഏലിയാസും മറ്റ് അധികൃതരും പറയുന്നത്. എന്നാൽ കോമ്പൗണ്ടിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്ന് തീപടർന്നതാകാമെന്നാണ് ഫയർഫോഴ്സ് നിഗമനം.

കെട്ടിടത്തിലെ ചില്ലുകൾ പൊട്ടിത്തെറിച്ച് സമീപത്തെ വ്യവസായ യൂണിറ്റുകളിലേക്ക് വീണ ശബ്ദം കേട്ടാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികളുടെ കംപ്രസ് ചെയ്ത ബ്ലോക്കുകളും മെഷീനുകളും കത്തിനശിച്ചു. ഏഴോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. മഴയുണ്ടായിരുന്നതിനാൽ സ്ഥാപനത്തിന്റെ ചുറ്റിലും കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കുപ്പികളുടെ കൂമ്പാരത്തിലേക്കും ട്രാൻസ്ഫോർമറിലേക്കും തീപടർന്നില്ല. ഉടൻ ട്രാൻസ്ഫോർമർ ഓഫാക്കിയത് ദുരന്തം ഒഴിവാക്കി.

പ്ലാസ്റ്റിക് കുപ്പികൾ റീസൈക്കിൾ ചെയ്യുന്നതിനായി കംപ്രസ് ചെയ്ത് ബ്ലോക്കുകളാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിവിടുന്ന സ്ഥാപനമാണ് പവർപായ്ക്ക് പോഴിമേഴ്സ്. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സ്ഥിതിചെയ്യുന്നത്. മൂന്ന് ലോഡുകൾ ഇന്നലെ തമിഴ്നാട്ടിലേക്ക് കയറ്റി അയയ്ക്കാനിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായതെന്ന് ഉടമ ഏലിയാസ് പറഞ്ഞു.

കമ്പനിയിലേക്ക് കടക്കാൻ ഒരു വാതിൽ മാത്രം ഉണ്ടായിരുന്നതും ഗേറ്റിനോടു ചേർന്ന് പ്ലാസ്റ്റിക് കുപ്പികൾ ചാക്കുകളിലാക്കി കൂട്ടിയിട്ടിരുന്നതും തീയണയ്ക്കുന്നതിന് കാലതാമസമുണ്ടാക്കിയതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറ‍ഞ്ഞു. മേൽക്കൂര അടർന്നിരുന്നതിനാൽ പുറത്തുനിന്നാണ് വെള്ളം പമ്പ് ചെയ്തത്. മറ്റുള്ള വശങ്ങളിൽ നിന്ന് വെള്ളമൊഴിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നില്ല. വ്യവസായ ശാലകൾക്കുള്ള മതിയായ എൻ.ഒ.സി നിബന്ധനകൾ കമ്പനി പാലിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ല ഫയർ ഓഫീസർ എസ്.സൂരജ് നടപടികൾക്ക് നേതൃത്വം നൽകി.