oda-nvrthiyakkunnu

ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പാലസ് റോഡിലെ ഓടയിൽ മഴവെള്ളം ആഴ്ചകളായി കെട്ടിനിന്ന് വെള്ളക്കെട്ടും ദുർഗന്ധവും രൂക്ഷം.ഓട നിറഞ്ഞ് റോഡിലൂടെ ഒഴുകി യാത്രക്കാരും വ്യാപാരികളും ദുരിതത്തിലായി.വ്യാപക പരാതികളെ തുടർന്ന് ഇന്നലെ രാവിലെ നഗരസഭാ ചെയർപേഴ്സൺ സ്ഥലം സന്ദർശിച്ച് ഓട പരിശോധിക്കാൻ നിർദ്ദേശം നൽകി.തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ ബസ് സ്റ്റാൻഡിന് മുന്നിലെ ഓടയിലെ സ്ലാബ് പൊളിച്ചുനീക്കി മാലിന്യം നീക്കംചെയ്യാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല .പ്ലാസ്റ്റിക്കടക്കമുള്ള പാഴ്‌വസ്തുക്കൾ ഓടയിൽ നിറഞ്ഞിരുന്നു.

റോഡിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കലിംഗിനുള്ളിലൂടെയുള്ള ജലമൊഴുക്കിന് തടസം നേരിട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്. മഴവെള്ളം റോഡിനടിയിലൂടെ നിർമ്മിച്ചിട്ടുള്ള കലിംഗിലൂടെ വേണം തൊട്ടടുത്ത മൾട്ടി റോഡിലെ ഓടയിലെത്താൻ.

വഴിവാണിഭക്കാരും സമീപത്തെ സ്ഥാപനങ്ങളിൽ നിന്ന് ആഹാരാവശിഷ്ടങ്ങളടക്കം ഒഴുക്കിവിടുന്ന ‌ഡ്രെയിനേജ് പൈപ്പുകളും അനധികൃതമായി പൊതുഓടയിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതായി അധികൃതർ കണ്ടെത്തി. സമീപകാലത്ത് പാലസ് റോഡ് നവീകരിച്ചപ്പോൾ വശങ്ങളിലെ ഓടകൾ ഉയരം കൂട്ടി പുതുക്കിപ്പണിതെങ്കിലും കലിംഗിന് കാര്യമായ മാറ്റം വരുത്തിയിരുന്നില്ല. അടിയന്തരമായി കലിംഗ് പുതുക്കി നിർമ്മിച്ച് ശാശ്വത പരിഹാരം കാണാൻ പി.ഡബ്ലിയു.ഡിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി അറിയിച്ചു. പുതുക്കി നിർമ്മിക്കുന്ന കലിംഗിന് ഉൾവശം ഒന്നരയടി വീതിയും 6 അടിയോളം താഴ്ചയും വേണ്ടി വരുമെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.അടിയന്തരമായി നിലവിലെ മലിനജലം നീക്കംചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തുടർന്ന് ഓടയിലെ മലിനജലം പമ്പ് ചെയ്ത് ടാങ്കർ വഴി നീക്കം ചെയ്തു. അനധികൃതമായി ഡ്രെയിനേജ് മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ക്ലീൻസിറ്റി മാനേജർ എം.ആർ.റാംകുമാർ അറിയിച്ചു.