കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലുൾപ്പെട്ട അയ്യപ്പൻകോണം - വിളയിൽ വിളാകം റോഡ്‌ സഞ്ചാര യോഗ്യമാക്കാൻ നടപടിയില്ലെന്ന് പരാതി. നിത്യേന നിരവധിപേർ കടന്നുപോകുന്ന റോഡാണിത്. ഇരുപതോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. 1982ൽ നിർമ്മിച്ച ഈ റോഡിന്റെ മധ്യഭാഗത്തായി 80 മീറ്ററോളം മാത്രമാണ് ഇനി കോൺക്രീറ്റ് ചെയ്യാനുള്ളത്. ഇതുമൂലം ഇതുവഴി വാഹന യാത്രക്കർക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. നിത്യേന നിരവധി ബൈക്ക് യാത്രക്കർ ഇവിടെ അപകടത്തിൽപ്പെടുന്നുണ്ട്. ആവശ്യത്തിന് ഓട്ടോ പോലും എത്താറില്ല. നിരവധിതവണ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചെങ്കിലും ഫണ്ടില്ലെന്ന പതിവ് പല്ലവിതന്നെയാണ് കേൾക്കുന്നത്. അടിയന്തരമായി റോഡ്‌ പണി പൂർത്തിയാക്കി റോഡ്‌ സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.