g

ശംഖുംമുഖം: പൂന്തുറ ഉച്ചമാടൻ ദേവിക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് ഒരുകോടിക്ക് മുകളിൽ വിലയുള്ള പഞ്ചലോഹവിഗ്രഹവും ശീവേലി വിഗ്രഹവും മോഷ്ടിച്ചു. ഡോഗ് സ്‌ക്വാഡ് മണം പിടിക്കാതിരിക്കാൻ മുളക് പൊടി വിതറിയ ശേഷമാണ് മോഷണ വസ്തുക്കളുമായി പ്രതികൾ കടന്നത്. ഇന്നലെ രാവിലെ പൂജാരി നടതുറക്കാൻ എത്തിപ്പോഴാണ് വാതിൽ കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്. പരിശോധനയിൽ പഞ്ചലോഹത്തിൽ തീർന്ന ദേവീവിഗ്രഹവും പ്രഭയും ശീവേലി വിഗ്രഹവും മോഷണം പോയതായി കണ്ടെത്തി. കിഴക്കേനട കുത്തിത്തുറന്നാണ് മോഷ്ടാക്കൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചത്. 200 വർഷത്തിലധികം പഴക്കമുളള ക്ഷേത്രത്തിൽ 42 വർഷങ്ങൾക്ക് മുമ്പാണ് ഒന്നരയടി പൊക്കത്തിൽ 32കിലോയാളം തൂക്കംവരുന്ന പ്രഭാതിളക്കമുള്ള ദേവിയുടെ നിൽക്കുന്ന രൂപത്തിലുള്ള പഞ്ചലോഹവിഗ്രഹം സ്ഥാപിച്ചത്. അഞ്ചുവർഷം മുമ്പാണ് അഞ്ച് കിലോയോളം തൂക്കം വരുന്ന ഓടിൽ നിർമ്മിച്ച ശ്രീവേലി വിഗ്രഹം സ്ഥാപിച്ചത്. പഞ്ചലോഹ വിഗ്രഹത്തിന് ഒരുകോടിക്ക് മുകളിൽ വിലവരും. ക്ഷേത്രത്തിന്റെ രണ്ടുവശത്തെയും നടവാതിലുകൾ മോഷ്ടാക്കൾ പൊളിച്ചു. പൊലീസ് പരിശോധനയിൽ വിഗ്രഹത്തിന്റെ പ്രഭ ക്ഷേത്രത്തിന് പിറകുവശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴയുടെ മറവിലാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ക്ഷേത്രത്തിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതിനാൽ സമീപത്തെ സി.സി.ടി.വി ക്യാമറകൾ പൊലീസ് പരിശോധിച്ചുവരുന്നു.