supplyco

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിപണയിൽ പച്ചക്കറി വിലക്കുതിപ്പിനു പിന്നാലെ പലവ്യഞ്ജനത്തിനും വില കുത്തനേ കൂടുന്നു. സർക്കാർ വിപണി ഇടപെടൽ നടത്തിയില്ലെങ്കിൽ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുഃസഹമാകും.

കഴിഞ്ഞ മാസം കിലോഗ്രാമിന് നൂറായിരുന്ന പരിപ്പിന്റെ വില ഇന്നലെ 160 രൂപയിലെത്തി. ഉഴുന്ന് വില 140ലേക്ക് കുതിച്ചു. കടലയുടെ വില 132. ആന്ധ്ര വെള്ള (ജയ) അരി മൊത്ത വില 39ൽ നിന്ന് 42 ആയി. ചില്ലറ വില 49 വരെ എത്തി.

ഒട്ടുമിക്ക പച്ചക്കറികളുടെയും വില കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലാണ്. തക്കാളി 100, ബീൻസ് 120, വെളുത്തുള്ളി 300, മുരിങ്ങക്കായ 200 എന്നിങ്ങനെയാണ്. കാരറ്റ് കിലോഗ്രാമിന് 80 രൂപ. രാവിലെ കടകളിലെത്തുന്ന കാരറ്റ് ഉച്ചയോടെ വിറ്റു തീരും.

മഴ കുറഞ്ഞതും ഉത്തരേന്ത്യയിൽ ചൂട് കൂടിയതുമാണ് വില വർദ്ധനയ്ക്ക് കാരണം. തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറിയുടെ വരവും കുറഞ്ഞു. ട്രോളിംഗ് നിരോധവും രൂക്ഷമായ തിരയടിയും കാരണം മത്സ്യ ലഭ്യത കുറഞ്ഞതോടെ വിലയും വർദ്ധിച്ചു. മത്തി കിലോയ്ക്ക് 300 രൂപയോടടുത്താണ് വില.

സപ്ലൈകോയ്ക്ക് കിട്ടാൻ 3500 കോടി

 കേന്ദ്ര-സംസ്ഥാന സർക്കാരുകളുൾപ്പെടെ നൽകാനുള്ളത്- 3500 കോടി രൂപ

 സബ്സിഡി - വിപണി ഇടപെടലിന് സംസ്ഥാനം നൽകേണ്ടത്- 1475 കോടി

 നെല്ലു സംഭരണത്തിന് കേന്ദ്ര സർക്കാർ നൽകേണ്ടത്- 1079 കോടി

 സംസ്ഥാനം ബോണസായി നൽകേണ്ടത്- 600 കോടി

 നെൽക്കർഷകർക്ക് നൽകേണ്ട പ്രത്യേക വിഹിതം- 259 കോടി

 സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി അരി നൽകിയതിലെ കുടിശിക-150 കോടി