
തിരുവനന്തപുരം: പകൽ പുഞ്ചക്കരിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരും രാത്രിയായാൽ മാലിന്യം തള്ളാനെത്തുന്നവരുമുണ്ട്. ഇതെല്ലാം കണ്ട് നിസഹായരായി നോക്കിനിൽക്കുന്നവർ ഒരു ഭാഗത്ത്.കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ പഞ്ചായത്തുകളും നഗരസഭയും മറ്റൊരു ഭാഗത്തും...ഈ സ്ഥിതി തുടർന്നാൽ ശുദ്ധജലസ്രോതസ് മാലിന്യംകൊണ്ടു നിറയുമെന്ന് മനസിലാക്കിയാണ് പ്രദേശവാസിയായ ബിനു രംഗത്തിറങ്ങുന്നത്. രണ്ടുവർഷം കൊണ്ട് അക്ഷരാർത്ഥത്തിൽ പ്രദേശത്തിന്റെ കാവലാളും കായലിന്റെ ആത്മാവും ബിനുവാണ്.
സ്വന്തമായി നിർമ്മിച്ച ബോട്ടുമായി പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് കരയ്ക്കെത്തിക്കും. മറ്റാരുടെയും സഹായമില്ലാതെ പ്രതിഫലമില്ലാതെ നാളേക്കു വേണ്ടിയുള്ള പുണ്യപ്രവൃത്തി.പുഞ്ചക്കരി വാറുവിള രേവതി ഭവനിൽ ബിനുവിന് സ്വന്തമായി വെൽഡിംഗ് വർക്ക്ഷോപ്പുണ്ട്.രാവിലെ 6.30മുതൽ ബോട്ടിൽ കായലിലൂടെ സഞ്ചരിച്ച് പ്ലാസ്റ്റിക്ക് ശേഖരിക്കും.9ന് മകളെ കോളേജിൽ കൊണ്ടുപോകുന്നതിന് മുമ്പായി ഇത് അവസാനിപ്പിക്കും.വൈകിട്ട് 3മുതൽ 7വരെ വീണ്ടും മാലിന്യശേഖരണം.
കൊവിഡ് കാലത്ത് വീട്ടിൽ വെറുതെ ഇരുന്നപ്പോഴാണ് ബിനു ചെറിയ ബോട്ട് നിർമ്മിച്ചത്.ഇതു വെള്ളത്തിൽ ഇറക്കിയപ്പോൾ മുങ്ങിപ്പോയി. ശ്രമം ഉപേക്ഷിച്ചില്ല.വീണ്ടും ഒരു ചെറിയ ബോട്ട് കൂടി ബിനു നിർമ്മിച്ചു.അത് ഫലം കണ്ടു. അന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചപ്പോൾ നാല് ചാക്കോളം പ്ലാസ്റ്റിക് കായലിൽ നിന്ന് ശേഖരിച്ചു.
ആദ്യം തുഴയുടെ സഹായത്തോടെയാണ് ബോട്ടിന്റെ പ്രവർത്തനം.എന്നാൽ ഇതിലുള്ള സഞ്ചാരം മാലിന്യം ശേഖരിക്കാൻ തടസമായപ്പോൾ ബോട്ടിന് ഇരുവശങ്ങളിലും കൈകൊണ്ട് ചലിപ്പിക്കാവുന്ന പെടലുകൾ ഘടിപ്പിച്ചു.
മാലിന്യം ശേഖരിച്ച് കായലിന്റെ കരയിൽ മറുഭാഗത്ത് കെട്ടിവയ്ക്കും.
റീസൈക്ലിംഗ് ചെയ്യാൻ കഴിയുന്നവ ആക്രിക്കടക്കാർ കൊണ്ടുപോകും.ഇപ്പോൾ കായലിൽ മാലിന്യം പേരിന് മാത്രമായി.
ഭാര്യ ബിന്ദുവും മകൻ അഭിജിത്തും മകൾ അഭിരാമിയും ബിനുവിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
അവിടെയും തടസം
ആദ്യകാലത്ത് ബിനു ബോട്ടിൽ ഉൾക്കായൽ വരെ പോയി മാലിന്യങ്ങൾ ശേഖരിച്ചിരുന്നു.എന്നാൽ ഇപ്പോൾ താമരവള്ളിയും കുളവാഴയും നിറഞ്ഞതോടെ ചെറിയ ബോട്ടിൽ ഉൾക്കായലിലേക്ക് പോകാൻ കഴിയുന്നില്ല.
താമരവള്ളികളും കുളവാഴയും നീക്കാനുള്ള സംവിധാനം ബിനുവിനില്ല.
സുമനസുകൾ വേറെയും
പ്രദേശത്ത് സ്ഥിരമായി നടക്കാനെത്തുന്നവരും പക്ഷി നിരീക്ഷണത്തിനെത്തുന്നവരും ബിനുവിന് പിന്തുണയാണ്.നടക്കാനെത്തുന്നവരുടെ കൂട്ടായ്മയായ പുഞ്ചക്കരി വാക്കേഴ്സിലെ അംഗങ്ങൾ പ്രദേശത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. പരിസ്ഥിതിദിനത്തിൽ 50വൃക്ഷത്തൈകൾ നട്ട് കൃത്യമായി പരിപാലിച്ചു പോരുന്നുണ്ട്. മാലിന്യം നിക്ഷേപിക്കൽ തടയുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇക്കൂട്ടരാണ് ഇപ്പോൾ നിർവഹിക്കുന്നത്.
സുരേഷ് ഗോപിയുടെ ഇടപെടൽ
പ്രദേശത്ത് സമീപകാലത്തുണ്ടായ കാര്യക്ഷമമായ ഇടപെടൽ സുരേഷ് ഗോപിയുടേതാണ്.രാജ്യസഭാ എം.പിയായിരിക്കെ 1.7കോടി രൂപ ചെലവഴിച്ച് ബണ്ട് റോഡ് ടാറ് ചെയ്ത് കായലിന്റെ ഇരുവശങ്ങളും ശക്തിപ്പെടുത്തി. ഈ റോഡ് ഒഴികെ പ്രദേശത്തെ മറ്റെല്ലാ റോഡുകളുടെയും സ്ഥിതി ദയനീയമാണ്.ഈ റോഡ് വന്നശേഷമാണ് കിരീടം പാലത്തിലേക്കുൾപ്പെടെ ആളുകൾക്ക് സുഗമമായി എത്താൻ വഴിതുറന്നത്.