
തിരുവനന്തപുരം :മഴ ശക്തമായതോടെ സംസ്ഥാനത്ത് പകർച്ചപനി വ്യാപകമാകുന്നു. ഈ മാസം ഇതുവരെ രണ്ടുലക്ഷം പേർക്കാണ് പനി ബാധിച്ചത്. പ്രതിദിനം പതിനായിരത്തിലധികം പേരാണ് ചികിത്സതേടുന്നത്. പനിക്കൊപ്പം കടുത്ത ചുമയും രോഗികളെ വലയ്ക്കുന്നു. ഈ മാസം ഇതുവരെ 1.95 ലക്ഷം പേർക്ക് പകർച്ചപ്പനിയും 1500 പേർക്ക് ഡെങ്കിയും 216 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിലക്ഷണങ്ങളുമായി 5076പേരും എലിപ്പനി ലക്ഷണങ്ങളുമായി 225പേരും ചികിത്സയിലുണ്ട്. ഈ മാസം പതിനഞ്ച് പേർ എലിപ്പനി ബാധിച്ച് മരിച്ചു.
പ്രധാന സർക്കാർ ആശുത്രികളിലെല്ലാം പനി വാർഡുകൾ ഒരുക്കിയിട്ടുണ്ട്.തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ജില്ലകളിലാണ് പകർച്ചപ്പനി കൂടുതൽ. സ്കൂളിൽപ്പോകുന്ന കുട്ടികളിൽ ജലദോഷപ്പനി വ്യാപകമാണ്. ഇൻഫ്ളുവൻസ വൈറസുകളാണ് വൈറൽ പനിക്ക് കാരണം. റെസ്‌പിറേറ്ററി സിൻസീഷ്യൽ വൈറസ് ബാധയും കൂട്ടത്തിലുണ്ട്. ഇത് ശ്വാസനാളികളുടെ നീർക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നതിനാൽ ചുമയും ശ്വാസംമുട്ടലും രൂക്ഷമാണ്.
സ്വയം ചികിത്സ പാടില്ല
പനി വന്നാൽ സ്വയംചികിത്സ ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. മൂന്നുദിവസത്തിലധികം നീളുന്ന പനിയാണെങ്കിൽ ഡോക്ടറെ കണ്ട് കൃത്യമായ രോഗനിർണയം നടത്തണം. ഡെങ്കിക്കും എലിപ്പനിക്കും ഉൾപ്പെടെ വൈറൽ പനിയുടെ ലക്ഷണങ്ങളാണ് തുടക്കത്തിൽ ഉണ്ടാവുക.