തിരുവനന്തപുരം: ബാങ്ക് വായ്പയ്ക്ക് ആവശ്യമായ റവന്യൂ രേഖകൾ ലഭ്യമാക്കുന്നതിന് വസ്തു ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ മുൻ വില്ലേജ് അസിസ്റ്റന്റിനെ കോടതി നാലുവർഷം കഠിനതടവിനും 15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി.രാജകുമാരയാണ് നെടുമങ്ങാട് പേരയം പനവൂർ വീണഭവൻ സ്വദേശിയും കാട്ടാക്കട വീരണക്കാവ് മുൻ വില്ലേജ് അസിസ്റ്റന്റുമായ പി.ബാബു കാണിയെ ശിക്ഷിച്ചത്.കാട്ടാക്കട സഹകരണ ബാങ്കിൽ നിന്ന് ഭവന വായ്പയെടുക്കുന്നതിന് കാട്ടാക്കട കുറക്കോണം സ്വദേശി ജെ.എസ്.ബീനയുടെ പേരിലുള്ള വസ്തുവിന് കൈവശാവകാശ സർട്ടിഫിക്കറ്റും ലൊക്കേഷൻ സർട്ടിഫിക്കറ്റും ലൊക്കേഷൻ സ്‌കെച്ചും ലഭിക്കുന്നതിനു വേണ്ടിയാണ് ബീനയുടെ ഭർത്താവ് ജയൻ വീരണക്കാവ് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയത്. നേരത്തേ ഇവർ സ്റ്റേറ്റ് ബാങ്കിലേക്ക് വേണ്ടി ഈ സർട്ടിഫിക്കറ്റുകൾ വാങ്ങിയെങ്കിലും ഉപയോഗിച്ചിരുന്നില്ല. ഉപയോഗിക്കാത്ത പ്രസ്തുത സർട്ടിഫിക്കറ്റുകളടക്കമാണ് പുതിയ അപേക്ഷ നൽകിയത്.സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് 3000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ജയൻ സുഹൃത്തിന്റെ കൈയിൽ 1000 രൂപയും നൽകി പ്രതിയുടെ അടുത്തേക്ക് അയച്ചെങ്കിലും അന്നേദിവസം ഉച്ചമുതൽ വൈകിട്ട് 5 വരെ വരെ ആളെ ഓഫീസിൽ നിറുത്തി, താൻ ആവശ്യപ്പെട്ട മുഴുവൻ തുകയും കിട്ടാതെ സർട്ടിഫിക്കറ്റുകൾ നൽകില്ലെന്ന് പറഞ്ഞു. ജയൻ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ നൽകി 2016 ജനുവരി 21നാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വീണ സതീശൻ ഹാജരായി.