road

മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിലെ പെരുമുള്ളൂർ വാർഡിലുൾപ്പെട്ട അണപ്പാട്-ഇടത്തറ -ഊരൂട്ടമ്പലം ബണ്ട് റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ ചെളിക്കളമായിട്ട് വർഷങ്ങളായി.

റോഡിന്റെ ശോചനീയാവസ്ഥയിൽ യാത്രക്കാർ കാൽനടപോലും സാദ്ധ്യമാകാതെ ദുരിതമനുഭവിക്കുകയാണ്.

അണപ്പാട്-പോങ്ങുംമൂട് പ്രധാന റോഡിൽ അണപ്പാട് പാലത്തിനു സമീപത്തു നിന്നാണ് ഈ റോഡ് ആരംഭിക്കുന്നത്. ചെറുവട്ടിയൂർക്കോണം, ചീനിവിള, വെള്ളൂർക്കോണം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കും ഉപകാരപ്രദമാണ് അണപ്പാട്-ഇടത്തറ -ഊരൂട്ടമ്പലം ബണ്ട് റോഡ്.

എളുപ്പ മാർഗം

മലയിൻകീഴ് നിന്നു അണപ്പാട് പ്രധാന റോഡിലൂടെ ഊരൂട്ടമ്പലത്ത് എത്തണമെങ്കിൽ നാല് കിലോമീറ്റർ വേണം. എന്നാൽ അണപ്പാട് -ഇടത്തറ ബണ്ട് റോഡിൽകൂടെ യാത്ര ചെയ്യുകയാണെങ്കിൽ ഒരു കിലോമീറ്റർ കുറവും എളുപ്പമാർഗവുമാണ്. കാർഷികോത്പന്നങ്ങൾ പൊതുമാ‌ർക്കറ്റിലും, കാർഷിക വിപണിയിലും കർഷകർ കൊണ്ടുപോകുന്നതും ഇതുവഴിയാണ്.

ഊരൂട്ടമ്പലം അയ്യങ്കാളി പഞ്ചമി സ്മാരക ഗവ. യു.പി, എൽ.പിസ്കൂൾ, സരസ്വതി സ്കൂൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപങ്ങളും ഊരൂട്ടമ്പലം ഭാഗത്ത് സ്ഥിതിചെയ്യുന്നുണ്ട്. ബാങ്ക്, പോസ്‌റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഇടത്തറ അണപ്പാട് നിവാസികൾ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.

കുണ്ടും കുഴിയും

ഗ്രാമപഞ്ചായത്തിന്റെയും തനത് ഫണ്ട് വിനിയോഗിച്ച് വർഷങ്ങൾക്ക് മുൻപ് ടാറിംഗ് നടത്തിയ റോഡിപ്പോൾ പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമാണ്. ടാറിംഗ് ഇളകി വൻ കുഴികൾ രൂപപ്പെട്ടതിനാൽ മഴ പെയ്താലുടൻ റോഡാകെ വെള്ളക്കെട്ടായി മാറും.

ഏക ആശ്രയം

റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടമാണ്. രാത്രികാലങ്ങളിൽ ഇതുവഴി പോകാനാകാത്ത സ്ഥിതിയായിട്ടുണ്ട്. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്നിടത്തെ ഏക
ആശ്രയമാണീ റോഡ്.

12 വർഷം മുൻപ് ടാറിംഗ് നടത്തി

12 വർഷം മുൻപാണ് ഈ റോഡിൽ ടാറിംഗ് നടത്തിയത്. ഒന്നര കിലോമീറ്റർ ദൈർഘ്യമുണ്ട് അണപ്പാട്-ഇടത്തറ റോഡിലൂടെയുള്ള യാത്ര. അടിയന്തരമായി റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ നാട്ടുകാർ നൽകിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.

സ്കൂൾ മിനി ബസുകൾ ഇതുവഴി കടന്നുപോകുന്നത് ജീവൻ പണയപ്പെടുത്തിയാണ്. ഈ റോഡിൽ അറ്റകുറ്റപ്പണികളെങ്കിലും നടത്തിയിരുന്നെങ്കിൽ വിദ്യാർത്ഥികൾക്കും കൂലിപ്പണിക്കാർക്കും സർക്കാർ ജീവനക്കാർക്കും ദുരിതമില്ലാതെ യാത്ര ചെയ്യാമായിരുന്നു.