കടയ്ക്കാവൂർ: കടയ്ക്കാവൂർ ഓവർ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷൻ മരുതൻവിളാകം വഴി വക്കത്തേക്കുള്ള റോഡ് ടാർ ഇളകി പൊട്ടിപ്പൊളിഞ്ഞ് വൻ ഘട്ടറുകൾ രൂപപ്പെട്ട് സഞ്ചാര യോഗ്യമല്ലാതായിട്ട് കാലമേറേയായി. വക്കം - കടയ്ക്കാവൂർ പഞ്ചായത്തുകളെ ബന്ധിക്കുന്ന റോഡായതിനാൽ ഇരു പഞ്ചായത്തുകളും ഈ റോഡിനെ തിരിഞ്ഞുനോക്കാറില്ല. മഴ പെയ്താൽ ഈ ഘട്ടറുകളിൽ വെള്ളം നിറയും. കുഴി മനസിലാക്കാൻ കഴിയാതെ ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ മറിഞ്ഞു വീണുണ്ടാകുന്ന അപകടങ്ങൾ ഒരുവശത്ത്. ഈ റോഡിന് ഇരുവശങ്ങളിലും മാലിന്യങ്ങൾ തള്ളുന്നത് പതിവാണ്. ഇവ ഭക്ഷിക്കാൻ തെരുവ് നായ്ക്കളും ഇഴജന്തുക്കളും എത്തുന്നുണ്ട്. തെരുവ് വിളക്കുകൾ പേരിന് പോലും ഇല്ലാത്ത ഈ റോഡിലൂടെ രാത്രികാലങ്ങളിൽ യാത്ര ചെയ്യാൻ പ്രദേശവാസികൾക്ക് പേടിയാണ്. ബ്ലോക്ക് പഞ്ചായത്തോ ജില്ലാ പഞ്ചായത്തോ ഈ റോഡിന്റെ നവീകരണം ഏറ്റെടുത്ത് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.