കടയ്ക്കാവൂർ: സ്വകാര്യ സർവീസ് ബസുകൾ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിൽ കയറുന്നില്ലെന്ന് പരാതി. കടയ്ക്കാവൂർ ഓവർബ്രിഡ്ജ് ജംഗ്ഷൻ വഴി കടന്നുപോകുന്ന എല്ലാ ബസുകളും റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിൽ വരണമെന്നാണ് പെർമിറ്റിൽ പറയുന്നത്. പക്ഷേ ഒന്നോ രണ്ടോ ബസുകൾ ഒഴിച്ചാൽ മറ്റൊന്നുംതന്നെ റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡിൽ വരുന്നില്ല. ശക്തമായ മഴയത്തുപോലും യാത്രക്കാരെ ഒാവർബ്രിഡ്ജ് ജംഗ്ഷനിൽ ഇറക്കിവിടുകയാണ് പതിവ്. ഒാവർബ്രിഡ്ജ് ജംഗ്ഷനിൽ ഇറങ്ങാൻ വിസമ്മതിക്കുന്ന യാത്രക്കാരെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. മഴക്കാലത്ത് ഒാവർബ്രിഡ്ജ് ജംഗ്ഷനിൽ ഇറങ്ങുന്ന യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോഴേക്കും നനഞ്ഞ് കുതിർന്നിരിക്കും. വർക്കലയിൽ നിന്ന് കടയ്ക്കാവൂർ വഴി ചിറയിൻകീഴിലേക്ക് പോകുന്ന ബസുകൾ ചെക്കാലവിളാകം ജംഗ്ഷൻ തിരിഞ്ഞ് ചിറയിൻകീഴിലേക്ക് പോകുകയാണ് പതിവ്. റെയിൽവേ സ്റ്റേഷനിൽ പോകേണ്ട യാത്രക്കാർ ഒരു കിലോമീറ്ററോളം ദൂരം ഓട്ടോപിടിച്ചു വേണം റെയിൽവേ സ്റ്റേഷനിൽ എത്താൻ. ഇതു സംബന്ധിച്ചുള്ള പരാതി പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.