
പള്ളിക്കൽ: മലഞ്ചരക്കുകളുടെ നാടായ പള്ളിക്കലിൽ പൊതുചന്ത വേണമെന്നാവശ്യം ശക്തം.മുൻപുണ്ടായിരുന്ന ചന്ത 25 വർഷം മുൻപ് പൂട്ടിപ്പോയി.പള്ളിക്കൽ കവലയിൽ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിനോട് ചേർന്നുള്ള പൊതുചന്തയാണ് പ്രവർത്തനരഹിതമായത്.ഈ സ്ഥലം ഇൻഡോർ സ്റ്റേഡിയത്തിനും മറ്റ് കെട്ടിടങ്ങൾക്കുമായി വിട്ടു നൽകി.
ആഴ്ചയിൽ ചൊവ്വയും വെള്ളിയുമായി പുലർച്ചേ 5 മുതലായിരുന്നു ചന്തയുടെ പ്രവർത്തനം.കാർഷിക ഗ്രാമമായ പള്ളിക്കലിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാൻ പൊതുചന്ത വേണമെന്നാവശ്യം ശക്തമാണ്.ഇപ്പോൾ പള്ളിക്കൽ നാവായിക്കുളം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള സ്വകാര്യ ചന്തയാണ് ഇവരുടെ ഏകാശ്രയം.ഇവിടെ വരെ ഉത്പന്നങ്ങളുമായി പോകാൻ കർഷകർക്ക് ബുദ്ധിമുട്ടാണ്. അതിനാൽ പള്ളിക്കൽ പഞ്ചായത്തിൽ തന്നെ സ്ഥലം കണ്ടെത്തി ചന്ത പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.