വെള്ളറട: ആറാട്ടുകുഴി കുളം പരിസരം മുഴുവൻ ഇഴജന്തുക്കളുടെ കേന്ദ്രമാണ് ഇന്ന്. പരിസരവാസികൾക്ക് മനസമാധാനത്തോടെ വഴി നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. ആറാട്ടുകുഴി ജംഗ്ഷനു സമീപമുള്ള ഒരേക്കറോളം വരുന്ന കുളമാണ് സംരക്ഷിക്കാൻ നടപടിയില്ലാത്തതിനാൽ വനമായി മാറിയിരിക്കുന്നത്.
കുളത്തിനുള്ളിൽ കാട്ടുചെടികൾ നിറഞ്ഞതോടെ വെള്ളമുണ്ടോയെന്നുപോലും അറിയാൻ കഴിയുന്നില്ല. മുമ്പ് വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുളം നവീകരണത്തിന് ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആശ്രയം
കൊടും വേനൽ അനുഭവപ്പെടുമ്പോൾ ഈ കുളത്തിനുള്ളിലെ ഊറ്റാണ് ജനങ്ങൾക്ക് ആശ്രയമായിരുന്നത്. എന്നാൽ നവീകരണത്തിന്റെ പേരിൽ വെള്ളം കെട്ടിനിറുത്താൻ നിരവധി തവണ സൈഡ് വാൾ കെട്ടിയെങ്കിലും കുളത്തിൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കുകയില്ല. ഇതിനു പുറമെ കുളത്തിന്റെ ഒരു ഭാഗത്ത് വെള്ളം കോരി കുളിക്കുന്നതിനുവേണ്ടി സംവിധാനവും ഒരുക്കിയിരുന്നു. സൈഡ് വാളും സംവിധാനങ്ങളും തകർന്നതല്ലാതെ ഈ കുളം കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയിലാണ്.
കൊതുകു വളർത്തൽ കേന്ദ്രം
അകത്ത് കുറച്ച് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നാട്ടുകാർ നേരത്തേ കന്നുകാലികളെ ഇറക്കി കഴുകുമായിരുന്നു. എന്നാൽ കാടുകയറി ഇഴജന്തുക്കളുടെ വാസസ്ഥലമായതോടെ കന്നുകാലികളെയും ഇറക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ ടൗണിലെ പ്രധാന കൊതുകു വളർത്തൽ കേന്ദ്രം കൂടിയായി മാറിയിരിക്കുകയാണ് ഇൗ കുളം.
ഇഴജന്തുക്കളുടെ ശല്യം
നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു.
നടപടിയില്ലാതെ
തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് റോഡിലെയും കുളത്തിലെയും കാട് വെട്ടിനശിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടിയൊന്നും വന്നില്ല. കുളം അറ്റകുറ്റപ്പണികൾ ചെയ്ത് വെള്ളം കെട്ടിനിറുത്തി മത്സ്യകൃഷിയെങ്കിലും ചെയ്താൽ ഗ്രാമപഞ്ചായത്തിനു ഒരു വരുമാനമാർഗവും കാടും കൊതുകും പെറ്റുപെരുകുന്നതിനും പരിഹാരവുമാകുമായിരുന്നു.