santhan

തിരുവനന്തപുരം: പുഞ്ചക്കരിയുടെ പ്രകൃതിഭംഗി ചോരാതെ പൂർണമായും പരിസ്ഥിതി സൗഹൃദമായ നിർമ്മാണങ്ങളിലൂടെ പ്രദേശത്തിന്റെ ശോഭ കൂട്ടുമെന്ന് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് ചെയർമാൻ ആർക്കിടെക്ട് ഡോ.ജി.ശങ്കർ പറഞ്ഞു. കേരളകൗമുദിയുടെ പുഞ്ചക്കരിക്ക് വേണം, പുതുജീവൻ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരിന്റെ സിനി ടൂറിസം പ്രോജക്ട് കിരീടം പാലം അറ്റ് വെള്ളായണിക്കായി ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് സമർപ്പിച്ച ഡി.പി.ആറിന് ടൂറിസം വകുപ്പ് അംഗീകാരം നൽകിയിരിക്കുന്നു. കിരീടം സിനിമയിൽ പുഞ്ചക്കരിയുടെ പശ്ചാത്തലത്തിലെ സീനുകളുള്ള മോഹൻലാൽ,ശ്രീനാഥ്,യദു,പാർവതി എന്നിവരെ പുനരാവിഷ്കരിക്കും. പ്രദേശത്ത് എത്തുന്നവർക്ക് മഴ നനയാതെ നിൽക്കാനും ചായ കുടിക്കാൻ ചെറുകടകളും സജ്ജമാക്കും.അതും കിരീടം സിനിമയിലുള്ള നാസർ കഫേ എന്ന പേരിലായിരിക്കും.

മുളകൾ പോലുള്ള വസ്തുക്കൾകൊണ്ട് പ്രകൃതിയോട് സമരസപ്പെടുന്ന തരത്തിലാകും നിർമ്മാണങ്ങൾ.സോളാർ‌ ലൈറ്റുകൾ,നടപ്പാതകളുടെ നവീകരണം,മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നുകൾ.കോൺക്രീറ്റ് നിർമ്മാണങ്ങളൊന്നുമുണ്ടാകില്ല.പൊളിച്ചുമാറ്റാൻ കഴിയുന്ന രീതിയിൽ താത്കാലിക നിർമ്മാണങ്ങളാണ് എല്ലാം. കായലിനും ഇവിടെയുത്തുന്ന പക്ഷികൾക്കും ഇണങ്ങുന്ന തരത്തിലുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുഞ്ചക്കരിക്കു വേണ്ടി ഇവർ പറയുന്നു.....

ദേശാടനപ്പക്ഷികളെ കതിന പൊട്ടിച്ച് അകറ്റരുത്.കുറ്റിയറ്റു പോകാറായ സസ്യജന്തുജാലങ്ങളെ സംരക്ഷിക്കണം.

ശാന്തൻ

കവി,സാംസ്‌കാരിക പ്രവർത്തകൻ


കൈയേറ്റങ്ങൾ ഒഴിപ്പിച്ചും കായലിന് ആഴംകൂട്ടി ആഫ്രിക്കൻ പായൽ നീക്കം ചെയ്തും കേരളത്തിലെ രണ്ടാമത്തെ ശുദ്ധജല തടാകത്തെ വീണ്ടെടുക്കണം.

മുകേഷ്.വി.കെ

സെക്രട്ടറി,പുഞ്ചക്കരി വാക്കേഴ്‌സ് അസോ.


കന്നുകാലിച്ചാൽ ആഴംകൂട്ടി വൃത്തിയാക്കി വിനോദസഞ്ചാരികൾക്കായി പെഡൽ ബോട്ടുകൾ, ജല കായിക പരിശീലന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കണം.

-ഹരിരംഗനാഥൻ,

പ്രസിഡന്റ്, പുഞ്ചക്കരി വാക്കേഴ്‌സ് ഫോറം.


പുഞ്ചക്കരി ഭാഗത്തെ നെൽകൃഷി പുനരാരംഭിക്കണം,ഹരിതഭംഗി നിലനിറുത്തണം.

- നിഷ ഹമീദ്,

ട്രഷറർ,പുഞ്ചക്കരി വാക്കേഴ്‌സ് ഫോറം.

വഴിവിളക്കുകൾ,കുടിവെള്ള പൈപ്പുകൾ,വേസ്റ്റ് ബിൻ എന്നിവ സ്ഥാപിക്കണം.

വിവേക്,പുഞ്ചക്കരി വാക്കേഴ്‌സ് ഫോറം.


ആൽബീസിയ മരങ്ങൾ മുറിച്ചുമാറ്റി പകരം മാവ്,കണിക്കൊന്ന,പുളി,നീർമരുത്,പേരാൽ,അരയാൽ,അത്തി, ഞാവൽ തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിക്കണം.

-ആർ.ജയപ്രകാശ്,പക്ഷി നിരീക്ഷകൻ


വിനോദസഞ്ചാരികളെത്തുമ്പോൾ തദ്ദേശീയർക്ക് വരുമാനം ലഭ്യമാകാൻ സാദ്ധ്യതയുള്ള പ്രദേശം ഹരിതാഭയോടെ നിലനിറുത്തണം
-എസ്.രാജീവൻ
പ്രസിഡന്റ്, വാർബ്ലേഴ്സ്
ആൻഡ് വൈഡേഴ്സ്

പക്ഷിനിരീക്ഷണ ചരിത്രത്തിൽ സാലിം അലി രേഖപ്പെടുത്തിയ പ്രദേശത്തെ വികസനത്തിന്റെ പേരിൽ ക്ഷതമേൽപ്പിക്കരുത്.
-സി.സുശാന്ത്
വാർബ്ലേഴ്സ് ആൻഡ് വൈഡേഴ്സ്
സ്ഥാപകൻ


തണ്ണീർത്തട സംരക്ഷണം ഫലപ്രദമായി ഉപയോഗിച്ച് ഈ നാടിനെ സംരക്ഷിക്കണം.

-സി.ജി.അരുൺ
പക്ഷി നിരീക്ഷകൻ

മാലിന്യംതള്ളുന്നത് തടഞ്ഞ് പക്ഷി സങ്കേതത്തെ തനിമയോടെ നിലനിറുത്തണം
-ഡോ.ബ്ലെസ്സൻ സന്തോഷ് ജോർജ്
കോർഡിനേറ്റർ,വാർബ്ലേഴ്സ് ആൻഡ് വൈഡേഴ്സ്

സമീപത്തെ സ്ക്കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കണം.

-ഡോ.ഉഷ ബാലരാമൻ

വാർബ്ലേഴ്സ് ആൻഡ് വൈഡേഴ്സ്