
പാലോട്: ഗ്രാമീണ മേഖലയിൽ മാലിന്യ പ്രശ്നങ്ങളും തെരുവ്നായ ശല്യവും കാരണം ജനജീവിതം ദുസഃഹമായിട്ടും നടപടി മാത്രമില്ലെന്ന് പരാതി ഉയരുന്നു. പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് ജംഗ്ഷൻ മുതൽ മൈലമൂട് വരെ മാലിന്യ കൂമ്പാരമാണ്. ഈ പ്രദേശത്ത് വഴി നടക്കുന്നത് മൂക്കുപൊത്തി മാത്രം. നിരവധി തവണ മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. ഇത് വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യാൻ ഇവർക്ക് പ്രേരണയാകും. മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്, പാങ്ങോട് പഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്. മഴക്കാലം തുടരവേ പകർച്ചാവ്യാധി ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മാലിന്യം നിർമാർജനം ചെയ്യാനും ഇനിയും മാലിന്യനിക്ഷേപം തടയാനുമുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
എം.സി.എഫ് നിറയെ മാലിന്യം
പഞ്ചായത്തുകൾ അര ലക്ഷം രൂപയോളം ചെലവഴിച്ച് സ്ഥാപിച്ച മിനി എം.സി.എഫ് യൂണിറ്റുകൾ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. നിലവിൽ എല്ലാ എം.സി.എഫ് യൂണിറ്റുകളുടെ പരിസരങ്ങൾ മുഴുവൻ മാലിന്യക്കൂമ്പാരങ്ങളാണ്. ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് ശേഖരണകേന്ദ്രങ്ങളായ എം.സി.എഫിന് ചുറ്റും അറവ് മാലിന്യങ്ങൾ, ഹോട്ടൽ വേസ്റ്റ് വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ എല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. മഴക്കാലമായതോടെ പരിശോധനകൾക്ക് കുറവു വന്നു. തുടർന്ന് അറവ് - ഹോട്ടൽ മാലിന്യം തളളൽ പതിവായി.
വെള്ളവും മലിനം
വാമനപുരം നദിയിലേക്കെത്തുന്ന പച്ച മുടുമ്പ്- പാലോട് ആലംപാറ- ഇരപ്പ് കൈത്തോടുകൾ മാലിന്യംകൊണ്ട് മൂടി. ഈ കൈത്തോടിന് സമീപത്തെ വീടുകളിൽ നിന്നുള്ള മലിനജലം ഒഴുകാനുള്ള പൈപ്പുകളും ഇവിടേയ്ക്കാണ് ഒഴുകുന്നത്. നന്ദിയോട്ടെ മാലിന്യം നിറഞ്ഞ ഓടകൾ നിറഞ്ഞൊഴുകിയെത്തുന്നത് ആലംപാറ തോട്ടിലാണ്. വിള വീട്, ആലംപാറ, തോട്ടുമുക്ക്, ഊളൻകുന്ന്, മുത്തുകാവ് തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ആശ്രയമായ കൊച്ചുതാന്നിമൂട് ഇരപ്പിൽ നിന്നും ആരംഭിക്കുന്ന നീരുറവ എത്തിച്ചേരുന്നതും ആലംപാറ തോട്ടിലാണ്. ഈ ചെറു തോടുകൾ എത്തിച്ചേരുന്നത് വാമനപുരം നദിയിലെ മീൻമുട്ടിയിലും. ഇവിടുന്ന് പനവൂർ, കല്ലറ തുടങ്ങിയ പഞ്ചായത്തുകളിലെ കുടിവെള്ള സംഭരണികളിലാണ്.
ക്ഷെൽട്ടർ പ്രഖ്യാപനം മാത്രം
പെരിങ്ങമ്മല ജംഗ്ഷൻ, ആശുപത്രി കോമ്പൗണ്ട്, കുശവൂർ, തെന്നൂർ, കോളേജ് ജംഗ്ഷൻ, പാലോട് ആശുപത്രി ജംഗ്ഷൻ, നന്ദിയോട് മാർക്കറ്റ് ജംഗ്ഷൻ, പച്ച ശാസ്താക്ഷേത്ര പരിസരം, ഓട്ടുപാലം, പച്ച, കാലൻകാവ്, പൊട്ടൻചിറ, വട്ടപ്പൻകാട്, ആലുംമ്മൂട് എന്നിവിടങ്ങളിലാണ് ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി തെരുവുനായ ശല്യമുള്ളത്. വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ നായ്ക്കൾക്കായി ഷെൽറ്റർ ഒരുക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയത് പാങ്ങോട് പഞ്ചായത്തിലാണ്. ഒരേക്കർ സ്ഥലമാണ് പദ്ധതി നടത്തിപ്പിനായി വേണ്ടത്. എന്നാൽ പ്രഖ്യാപനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നുമായില്ല.