minority

തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്തിലൂടെ കേരളം കൈവരിച്ച നേട്ടം പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംഭാവനയെന്ന് ഭക്ഷ്യമന്ത്രി അഡ്വ. ജി.ആർ.അനിൽ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ സംഘടിപ്പിച്ച ജില്ല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പരിഷ്കർത്താക്കൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം സമൂഹത്തിലെത്തിച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനായി 6,000 കോടി രൂപ ഈ സർക്കാർ നീക്കിവച്ചതായും ഇതിലൂടെ വലിയ മാറ്റം ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

വെള്ളയമ്പലം ലിറ്റിൽ ഫ്ളവർ പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി എച്ച്.നിസാർ, രജിസ്ട്രാർ എസ്.ഗീത, സംഘാടക സമിതി ചെയർമാൻ ഫാ. ജെ.ജയരാജ്, വർക്കിംഗ് ചെയർമാൻ ഫാ. പാട്രിക് മൈക്കിൾ, ജനറൽ കൺവീനർ എം.എ.റഹീം, ഫാ. വർക്കി ആറ്റുപുറത്ത്, വിവിധ ന്യൂനപക്ഷ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനാണ് ജില്ലകളിൽ സെമിനാറുകൾ സംഘടിപ്പിച്ചത്. 'ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമപദ്ധതികൾ", 'കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്ട് എന്ത്? എന്തിന്?" എന്നീ വിഷയങ്ങളിൽ അംഗങ്ങളായ പി.റോസ, എ.സൈഫുദ്ദീൻ ഹാജി എന്നിവരും 'ന്യൂനപക്ഷ സമൂഹവും വിജ്ഞാനത്തൊഴിലും" എന്ന വിഷയത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ പ്രോഗ്രാം മാനേജർ ടി.എസ്.നിധീഷും സെമിനാറുകൾ അവതരിപ്പിച്ചു.