
കഴക്കൂട്ടം: തുമ്പ കിൻഫ്ര പാർക്കിലെ റെഡിമിക്സ് ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ പൊട്ടിത്തെറിച്ചു. ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ച യന്ത്രത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ ജനവാസമേഖലയിലെ മൂന്നു നില വീടിന്റെ ജനലിൽ പതിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കിൻഫ്രയിലെ ആർ.എം.സി എന്ന കോൺക്രീറ്റ് റെഡിമിക്സ് സ്ഥാപനത്തിന്റെ പ്ലാന്റിലായിരുന്നു സംഭവം. കൂറ്റൻ ടണലായ സൈലോയുടെ അമിത മർദ്ദത്തിൽ മേൽമൂടി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന്റെ ഒരു ഭാഗമാണ് സമീപത്തെ വീട്ടിലേക്ക് തെറിച്ചുവീണത്. മൂന്നാം നിലയിലെ ജനലിൽ പതിച്ച എട്ടടിയോളം നീളമുള്ള ഇരുമ്പു ഭാഗം സമീപത്തെ റോഡിന് കുറുകെ വീണു. സംഭവസമയം റോഡിൽ ആളും വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കേടുപാടു പറ്രിയ വീട്ടുകാർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. റെഡിമിക്സ് കമ്പനിയിൽ നിന്ന് ഏറെ നാളായി സിമെന്റ് പൊടി പ്രദേശത്ത് പടരുന്നതായി പ്രദേശവാസികൾക്കിടയിൽ പരാതിയുണ്ടായിരുന്നു. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.