തിരുവനന്തപുരം: അധികാരത്തർക്കം സംബന്ധിച്ച സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുന്ന സി.എസ്.ഐ ദക്ഷിണകേരള മഹായിടവകയുടെ ആസ്ഥാനത്തെ ഓഫീസുകൾ തുറക്കാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യവുമായി സഭയിലെ വൈദികർ. തർക്ക വിഷയങ്ങളിൽ സുപ്രീംകോടതിയുടെ തീരുമാനം ഉണ്ടാകുന്നതുവരെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാം കെ.ജോണിന്റെ നേതൃത്വത്തിലുള്ള ഓഫീസ് സ്റ്റാഫുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകണം. ഓഫീസുകൾ പ്രവർത്തിക്കാത്തത് മൂലം സഭയുടെ വിവിധ സ്ഥാപനങ്ങളിലുള്ളവർക്ക് ശമ്പളം, പെൻഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷൻ, നിയമനങ്ങൾ എന്നിവ നടക്കാത്ത സ്ഥിതിയാണെന്നും ജീവനക്കാർ ദുരിതത്തിലാണെന്നും വൈദികരായ ജെ.ജയരാജ്, വേദരാജ്, ക്രിസ്റ്റൽ ജയരാജ്, ജസ്റ്റിൻ കുമാർ, ജിബിൻ, മുൻ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.