
ഏതു പിരിമുറുക്കത്തിനും സിദ്ധൗഷധമാണ് സംഗീതം. ഇന്നലെ നിയമസഭയിൽ ചർച്ചകളുടെയും വാഗ്വാദത്തിന്റെയും പിരി മുറുക്കത്തിലായിരുന്ന സാമാജികരെ കുളിർ തെന്നൽ പോലെയെത്തി തണുപ്പിച്ചത് അറിയപ്പെടുന്ന ഗായികയായ അരൂർ എം.എൽ.എ ദലീമയാണ്.
ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് സ്വയം രചിച്ച് , സ്വയം ചിട്ടപ്പെടുത്തിയ കവിത ആലപിച്ചത്. ' കാറ്റിന്ന് കൗതുകം തീർക്കുന്നു കുഞ്ഞിളം നേത്രത്താൽ പൈതലേ....'എന്ന് തുടങ്ങുന്ന കവിത. വർഷങ്ങൾക്ക് മുമ്പ് സ്റ്റേജ് ഷോയ്ക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ , വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും വകയില്ലാതെ ബുദ്ധിമുട്ടുന്ന അന്യസംസ്ഥാനക്കാരനായ കുട്ടിയെ യാദൃശ്ചികമായി കണ്ടപ്പോൾ മനസിലുണ്ടായ ദൈന്യത്തിൽ നിന്നാണ് കവിതയുടെ പിറവി. ഇമ്പമാർന്ന ശബ്ദത്തിൽ ദലീമ കവിതാലാപനം നടത്തിയപ്പോൾ സഭ അതിൽ ലയിച്ചു.
എല്ലാവർക്കും വിദ്യാഭ്യാസത്തിനും ആഹാരത്തിനും സൗകര്യമൊരുക്കുന്ന, കലാകാരന്മാരെ ചേർത്ത് പിടിക്കാനും പ്രോത്സാഹിപ്പിക്കാനും ഇടപെടൽ നടത്തുന്ന സംസ്ഥാന സർക്കാരിനെ അനുമോദിക്കുന്നതിനിടെയായിരുന്നു ദലീമയുടെ പ്രകടനം. കലാകാരന്മാരുടെ പെൻഷൻ ഉയർത്തുക, സർക്കാർ പരിപാടികളുടെ വേദികളിൽ ഭിന്നശേഷിക്കാർക്ക് കൂടി അവസരം നൽകുക തുടങ്ങിയ ചെറിയ ചില ആവശ്യങ്ങളും കൂട്ടത്തിൽ ദലീമ ഉന്നയിച്ചു.
ലീഗിലെ പഴയ കൂട്ടുകാരെ കുത്തി നോവിച്ച് കെ.ടി.ജലീലാണ് ചർച്ച തുടങ്ങിയത്. പ്ളസ്ടു സീറ്റ് വിഷയത്തിലെ ലീഗിന്റെ പ്രതിഷേധമാണ് ജലീലിനെ ചൊടിപ്പിച്ചത്. ലീഗിന്റെ കൈവശം കഴുത്തും കത്തിയുമുണ്ടായിരുന്ന കാലത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ തടസം നിന്നത് കോൺഗ്രസല്ലേ എന്ന് ഓർമിപ്പിച്ചായിരുന്നു ആക്രമണം. 'നിങ്ങൾ ചെയ്യാത്തതാണോ , ചെയ്യാൻ മറ്റുള്ളവരോട് പറയുന്നതെന്ന 'ഖുർ ആൻ വചനം ഉദ്ധരിച്ചാണ് ലീഗ് അംഗങ്ങളെ അദ്ദേഹം ചൊടിപ്പിച്ചത്. പക്ഷേ, ജലീലിന്റെ ചൂണ്ടയിൽ ലീഗ് അംഗങ്ങൾ കൊത്തിയില്ല. ലീഗിന്റെ മുഖം വികൃതമായെന്ന കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പരിഹാസത്തിനാണ് ടി.വി .ഇബ്രാഹിം മറുപടി പറഞ്ഞത്. 'നഷ്ടപ്പെടാൻ ലീഗിന് ഒരു മുഖമെങ്കിലും ഉണ്ടല്ലോ, ശിരസറ്റ സി.പി.എമ്മിന്റെ കബന്ധം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള വസ്തുവായി മാറി', ഇബ്രാഹിം പറഞ്ഞു.
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ പരാജയത്തിലെ പരിഭവമോ എന്തോ, എം.മൂകേഷ് പ്രതിപക്ഷത്തെയും മാദ്ധ്യമങ്ങളെയും ആക്രമിക്കാനാണ് പ്രസംഗത്തിന്റെ ഏറിയ പങ്കും ചെലവിട്ടത്. നാല് വോട്ടിന് വേണ്ടി വേഷം കെട്ടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന മാദ്ധ്യമങ്ങൾ, ബ്രേക്കിംഗ് ന്യൂസ് എവിടെ കിട്ടുമെന്ന് അന്വേഷിച്ച് നടപ്പാണെന്നും പരിഹസിച്ചു.