
വക്കം: പണയിൽ കടവിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വക്കം ഗുരുമന്ദിരത്തിന് സമീപം കിളിയൻ വിളാകത്ത് വീട്ടിൽ മനോ(42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.40ഓടെ പണയിൽ കടവ് ബോട്ട് ജട്ടിക്ക് സമീപം സുഹൃത്തുക്കളോട് ഇരിക്കവേ മനോ കുളിക്കാനായിറങ്ങി. കുളിച്ചതിന് ശേഷം നീന്തി തിരിച്ചു വരവേ പാലത്തിന്റെ തൂണിന് സമീപം എത്തിയെങ്കിലും ശക്തമായ മഴയും അടിയൊഴുക്കും കാരണം ശരീരം കുഴഞ്ഞു. തുടർന്ന് മനോവിന്റെ നിലവിളി കേട്ട് തൊട്ടടുത്തുള്ള ബോട്ടിലുള്ളവരും നാട്ടുകാരും ചേർന്ന് രക്ഷിക്കാനെത്തിയെങ്കിലും മുങ്ങി താഴുകയായിരുന്നു. തുടർന്ന് വർക്കലയിൽ നിന്ന് ഫയർഫോഴ്സും സ്കൂബാ ടീമുമെത്തി 4.30 ഓടെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗൾഫിൽ നിന്ന് അവധിക്കെത്തിയ മനോ ഞായറാഴ്ച പോകാനിരിക്കവേയാണ് മരണം കവർന്നത്. അവിവാഹിതനാണ് മനോ. അച്ഛൻ: മനോഹരൻ. അമ്മ: വത്സല. മൃതദേഹം വർക്കല താലൂക്കാശുപത്രി മോർച്ചറിയിൽ.