k

തിരുവനന്തപുരം: 'വലിയ കഷ്ടത്തിലാണ് ഞങ്ങളുടെ ജീവിതം. വീടിന്റെ വാടകയും കുട്ടികളുടെ സ്കൂൾ ഫീസും കൊടുത്തിട്ടില്ല. ഈ മാസത്തേക്ക് ഇളവ് ലഭിക്കും. അതിനുശേഷം എന്തെന്നറിയില്ല. പട്ടിണി കിടക്കുന്നില്ലെന്ന് മാത്രം. ഈ അവസ്ഥ തുടർന്നാൽ..' മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ ഭാര്യ അമൃതയ്ക്ക് വാക്കുകൾ പൂർത്തിയാക്കാനായില്ല. എയർ ഇന്ത്യ സമരംകാരണം കുടുംബത്തെ ഒരുനോക്ക് കാണാനാവാതെ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാനാവില്ലെന്ന് എയർ ഇന്ത്യ എക്സ്‌‌പ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേക്കുറിച്ചടക്കം അമൃത കേരളകൗമുദിയോട് സംസാരിക്കുന്നു.

എയർഇന്ത്യ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

മരണം നടന്നതിന് ഒരാഴ്ചയ്ക്കുശേഷമാണ് എയർ ഇന്ത്യ ആദ്യമായി പ്രതികരിച്ചത്. കാര്യങ്ങൾ വിശദമായി പഠിക്കാൻ കുറച്ച് സാവകാശം വേണമെന്നാണ് പറഞ്ഞത്. സാവകാശം ചോദിച്ചപ്പോൾ പ്രതീക്ഷിച്ചു. നഷ്ടപരിഹാരം ലഭിച്ചാലും മരിച്ചയാൾ തിരിച്ചുവരില്ലെന്ന് അറിയാം. ചേട്ടൻ മരിച്ച ദിവസം എയ‌ർഇന്ത്യ അധികൃതർ ഫോണിൽ വിളിച്ച് കുറച്ച് ന്യായങ്ങൾ പറഞ്ഞിരുന്നു. അതുതന്നെയാണ് കഴിഞ്ഞദിവസവും പറഞ്ഞത്.

അമൃതയുടെയും കുട്ടികളുടെയും പഠനം?

ഞാൻ പി.ആർ.എസ് കോളേജിൽ നഴ്സിംഗ് രണ്ടാംവർഷമാണ്. ക്ലാസുകളിൽ പങ്കെടുത്തില്ലെങ്കിൽ അറ്റന്റൻസ് പോകും. മകൻ ശൈലേഷ് എൽ.കെ.ജിയിലാണ്. ഡാഡി ആംബുലൻസിൽ നിന്ന് ഇതുവരെ ഇറങ്ങി വരാത്തത് എന്തെന്നാണ് അവൻ ചോദിക്കുന്നത്. ഒന്നാംക്ലാസുകാരി മകൾ അനികയ്ക്ക് അച്ഛൻ തിരിച്ചുവരില്ലെന്ന് മാത്രമറിയാം.

മുഖ്യമന്ത്രിയെ ഉൾപ്പെടെ കണ്ടില്ലേ?

ചേട്ടൻ മരിച്ചിട്ട് 43 ദിവസം പിന്നിടുന്നു. ഇത്രനാളും മുട്ടാത്ത വാതിലുകളില്ല. മുഖ്യമന്ത്രിയേയും ഗവർണറെയും പ്രതിപക്ഷ നേതാവിനെയുമടക്കം കണ്ടിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വലിയ മോഹങ്ങൾ ഒന്നുമില്ല. കുട്ടികളെ പഠിപ്പിക്കണം. സ്വന്തമായൊരു വീട്ടിലേയ്ക്ക് മാറണം.

കേസുമായി മുന്നോട്ട് പോകുകയാണോ?

എയർ ഇന്ത്യയിൽ നിന്ന് അത്തരമൊരു പ്രതികരണം വന്നപ്പോൾ മാനസികമായി തകർന്നു. ഇപ്പോൾ എന്തു ചെയ്യണമെന്നതിനെപ്പറ്റി വ്യക്തതയില്ല. ഇന്നലെ അഭിഭാഷകനെ കണ്ടു. അദ്ദേഹം പറയുന്നതിനനുസരിച്ച് തുടർനടപടിയിലേക്ക് നീങ്ങും.