തിരുവനന്തപുരം: പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി വളപ്പിൽ വാക്സിനെടുക്കാനെത്തിയ കുട്ടിയെ അതിക്രൂരമായി തെരുവുനായ ആക്രമിച്ചു. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.കുടപ്പനക്കുന്ന് സ്വദേശിയും കുടപ്പനക്കുന്ന് യു.പി സ്കൂൾ വിദ്യാർത്ഥിയുമായ ശിവരുദ്രയ്ക്കാണ് (10) തെരുവുനായയുടെ കടിയേറ്റത്. മാതാവ് സന്ധ്യയ്ക്കൊപ്പം ആശുപത്രിയിൽ പത്തുവയസിന്റെ വാക്സിനെടുക്കാൻ എത്തിയതായിരുന്നു. വാക്സിനെടുത്തശേഷം സന്ധ്യ സ്കൂട്ടറെടുക്കാൻ പോയപ്പോഴാണ് ലാബിനു സമീപം കിടന്ന നാല് തെരുവുനായ്ക്കൾ ശിവരുദ്രയെ കുറെ ദൂരം ഓടിക്കുകയും ഇതിൽ ഒരു നായ ദേഹത്തേക്ക് ചാടിവീണ് കുട്ടിയുടെ ഇടത്തേ തുടയിൽ ആഴത്തിൽ കടിക്കുകയുമായിരുന്നു.
കുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന പൊലീസുകാർ ജീപ്പിന്റെ ഹോണടിച്ചതോടെ നായ്ക്കൾ ഓടിക്കളഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിരീക്ഷണത്തിനു ശേഷം വീട്ടിലെത്തി വിശ്രമത്തിലാണ്. കട്ടിയുള്ള ജീൻസായിരുന്നിട്ടുകൂടി നായയുടെ പല്ല് ആഴത്തിൽ പതിഞ്ഞതായി സന്ധ്യ പറയുന്നു. അതേസമയം, കുട്ടിക്ക് കടിയേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പരിചരിക്കാൻ തയാറായില്ലെന്ന് സന്ധ്യ ആരോപിക്കുന്നു.പിന്നീട് മെഡിക്കൽ സൂപ്രണ്ട് മുൻകൈയെടുത്താണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.ആശുപത്രി വളപ്പിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികളും പരാതിപ്പെടുന്നു.