d

തിരുവനന്തപുരം: വട്ടിയൂർക്കാവ് ചീനിക്കോണത്ത് ഭാര്യ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്റ്റുചെയ്ത മുൻ ഭർത്താവിനെ റിമാൻഡ് ചെയ്തു. ചീനിക്കോണം ശ്രീജ ഭവനിൽ ശ്രീജയുടെ (46) മരണത്തിൽ ഭർത്താവ് ശ്രീജിത്തിനെ വട്ടിയൂർക്കാവ് പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ശ്രീജയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഭർത്താവാണ് മരണത്തിന് കാരണമെന്ന് പറഞ്ഞുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് മൂന്നു ദിവസം മുമ്പ് ഇരുവരും വിവാഹമോചിതരായിരുന്നു. വിവാഹമോചനം നേടിയ ശേഷം ഭർത്താവ് വീട്ടിലെത്തി തന്റെ നഗ്നചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾക്ക് അയച്ചുനൽകിയെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭർത്താവ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ വട്ടിയൂർക്കാവ് പൊലീസിന് മൊഴി നൽകി. മുമ്പ് ശ്രീജിത്ത് ഇവരുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായും ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്നും സൂചനയുണ്ട്. പോക്സോ കേസ് നൽകിയതിന്റെ വൈരാഗ്യത്തിലാണ് നഗ്ന ചിത്രങ്ങൾ പകർത്തിയതെന്നും വട്ടിയൂർക്കാവ് പൊലീസ് പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ശ്രീജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്. മുൻ ടെക്നോപാർക്ക് ജീവനക്കാരനായിരുന്ന ശ്രീജിത്ത് ഇപ്പോൾ ടെക്നീഷ്യനാണ്.