ambhili

തിരുവനന്തപുരം: രണ്ട് കൊലപാതകങ്ങൾ ഉൾപ്പെടെ അൻപതിലധികം കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ചൂഴാറ്റുകോട്ട അമ്പിളി (55,സജികുമാർ) പത്തുവർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കളത്തിലിറങ്ങി പൈശാചികമായ കൊല നടത്തിയതറിഞ്ഞ് പൊലീസും അമ്പരപ്പിൽ. ക്രഷർ ഉടമ ദീപുവിനെ കഴുത്തറുത്ത് കൊന്നെന്ന് അമ്പിളി തമിഴ്നാട് പൊലീസിന് മൊഴി നൽകിയത് കേരള പൊലീസ് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പല്ലുകൊഴിഞ്ഞ സിംഹമെന്ന് പൊലീസ് കരുതിയിരുന്ന അമ്പിളി വീണ്ടും ക്വട്ടേഷനുമായി ഇറങ്ങിയത് ആർക്കുവേണ്ടിയെന്ന് കേരള പൊലീസും അന്വേഷിക്കുന്നുണ്ട്.

2013-14 കാലഘട്ടത്തിൽ മലയിൻകീഴ് പൊലീസാണ് അമ്പിളിയെ ഒന്നിനു പിറകേ ഒന്നായി കേസുകളിൽ പൂട്ടി അകത്താക്കി ഒതുക്കിയത്.അമിത മദ്യപാനിയായ ഇയാൾക്ക് കരൾ,വൃക്ക എന്നിവ സംബന്ധിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ശക്തമായതോടെ പൊലീസിന്റെ നിരീക്ഷത്തിലായിരുന്നില്ല.

ജയിലിൽ നിന്നിറങ്ങിയ ശേഷം മലയിൻകീഴ് മേഖലകളിലെ ക്വാറികളിൽ പണപ്പിരിവ് നടത്തുന്നത് അമ്പിളി പതിവാക്കിയിരുന്നു.കൊല്ലപ്പെട്ട ദീപുവുമായും ഇങ്ങനെയാണ് അമ്പിളിയുടെ സൗഹൃദമെന്നാണ് വിവരം.

ഒരുകാലത്ത് തലസ്ഥാന ജില്ലയിലെ പ്രധാന ക്വട്ടേഷൻ സംഘമായിരുന്നു അമ്പിളിയുടേത്.സ്പിരിറ്റ് കടത്തും ചാരായ നിർമ്മാണവും പതിവാക്കിയ അമ്പിളി ഇതിനായി വലിയൊരു സംഘത്തെ വളർത്തിയെടുത്തു.

തന്റെ ഗുണ്ടാസംഘത്തെ വളർത്തുന്നതിനിടെ സുഹൃത്തായിരുന്ന മൊട്ട അനിയുമായി അമ്പിളി തെറ്റി. കുപ്രസിദ്ധ ഗുണ്ടാത്തലവൻ നെടുങ്കാട് സോജുവിന്റെ സഹോദരീഭർത്താവായ മൊട്ട അനി ഒറ്റിയതോടെ അമ്പിളിക്ക് ചാരായക്കച്ചവടത്തിൽ വൻ സാമ്പത്തിക നഷ്ടമുണ്ടായി.മൊട്ട അനിയെ 2006ൽ കരമന തളിയലിൽ വെട്ടി കൊലപ്പെടുത്തിയാണ് അമ്പിളി പകരം വീട്ടിയത്.കവർച്ചാക്കേസിൽ അമ്പിളിക്കെതിരെ നേമം പൊലീസ് സ്‌റ്റേഷനിൽ കേസുണ്ട്. തമിഴ്‌നാട്ടിൽ അഞ്ച് കേസുണ്ട്. പോക്സോ കേസിലും ജയിലിലായിട്ടുണ്ട്. ചൂഴാറ്റുകോട്ടയിലാണ് അമ്പിളിയുടെ കുടുംബം. പാറശാല ബിനു,തങ്കുട്ടൻ കൊലക്കേസുകളിലും അമ്പിളിയും പ്രതിയാണ്. ദീപുവുമായുള്ള അമ്പിളിയുടെ ബന്ധം അറിയാവുന്നവർ നൽകിയ ക്വട്ടേഷനെന്നാണ് പൊലീസ് സംശയിക്കുന്നത്.

ദീപു പറഞ്ഞ സുഹൃത്ത് അമ്പിളിയോ?​

കോയമ്പത്തൂരിലേക്ക് പോകാൻ നെയ്യാറ്റിൻകരയിൽ നിന്നും തക്കലയിൽ നിന്നും രണ്ട് സുഹൃത്തുക്കളുണ്ടാകുമെന്ന് ദീപു വീട്ടുകാരോട് പറഞ്ഞിരുന്നു.ഇതിൽ നെയ്യാറ്റിൻകരയുള്ള സുഹൃത്ത് അമ്പിളിയാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.