തിരുവനന്തപുരം: നഗരത്തിൽ ഇന്നലെ രാവിലെ മുതൽ പെയ്ത കനമഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി. ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകിയതോടെ വീടുകൾക്ക് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. പാങ്ങോട്, കരമന തളിയൽ ക്ഷേത്രത്തിന് സമീപം, തമ്പാനൂർ, ഊളൻപാറ, പേരൂർക്കട തുടങ്ങി ഒൻപതിടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

ആനയറ മുഖക്കാട് ലൈനിൽ വീടിന് സമീപത്ത് മണ്ണിടിഞ്ഞുവീണു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഇന്നലെ രാവിലെയാണ് വീട്ടുകാർ വിവരമറിഞ്ഞത്. ചാക്ക ഫയർഫോഴ്സ് യൂണിറ്റെത്തി അപകടസാദ്ധ്യത കണക്കിലെടുത്ത് വീട്ടുകാരോട് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു.

രാത്രി ഏഴോടെ പടിഞ്ഞാറേക്കോട്ടയുടെ കരിങ്കൽപ്പാളികൾ അപകടകരമായ രീതിയിൽ ഇളകിവീണു. കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും കടന്നുപോകുന്ന വഴിയിലാണ് പാളികൾ ഇളകിവീണത്.