vazhakal-odinju-veena-ila

കല്ലമ്പലം: മഴയിലും കാറ്റിലും കല്ലമ്പലം മേഖലയിൽ വ്യാപക നാശം.വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ഗതാഗതം തടസപ്പെട്ടു.കെ.എസ്.ഇ.ബി കല്ലമ്പലം സെക്ഷൻ ഓഫീസ് പരിധിയിൽ ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയും പെയ്ത മഴയിൽ വലിയ തോതിൽ വൈദ്യുതി വിതരണ സംവിധാനങ്ങൾ തകർന്നു.

ഏഴ് വൈദ്യുതി പോസ്റ്റുകളും,അനുബന്ധ ഉപകരണങ്ങളും നശിച്ചു.31 സ്ഥലത്ത് മരങ്ങൾ വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു.സെക്ഷൻ പരിധിയിൽ ഭൂരിഭാഗം മേഖലയിലും ചൊവ്വാഴ്ച രാത്രിയോടെ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു.

മഴ ശക്തമായി തുടർന്നെങ്കിലും വൈദ്യുതി ഗതാഗത തടസങ്ങൾ സൃഷ്ടിച്ച മരങ്ങൾ നാട്ടുകാരും ജനപ്രതിനിധികളും ഫയർഫോഴ്സും കെ.എസ്.ഇ.ബി ജീവനക്കാരും ചേർന്ന് മുറിച്ചുമാറ്റി. ബുധനാഴ്ച രാവിലെ മുതൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. നാവായിക്കുളം മേഖലയിൽ വ്യാപകമായ നഷ്ടമുണ്ടായി. മുല്ലനല്ലൂർ കുരിശിങ്കൽ വീട്ടിൽ ബിന്റയുടെ 120 ഓളം കുല വന്ന വാഴകൾ കഴിഞ്ഞ രാത്രിയിലെ കാറ്റിലും മഴയിലും ഒടിഞ്ഞുവീണു. വൻ സാമ്പത്തിക നഷ്ടമാണുണ്ടായത്.വൻ തുകയ്ക്ക് പാട്ടത്തിനെടുത്ത വയലിൽ പലിശയ്ക്ക് പണമെടുത്താണ് വാഴക്കൃഷി ചെയ്തത്.വിളവെടുക്കാറായപ്പോഴുണ്ടായ കൃഷിനാശം കർഷകനെ വലിയ പ്രതിസന്ധിയിലാക്കി.നാവായിക്കുളം കൃഷി ഓഫീസർ രമ്യചന്ദ്രൻ,കൃഷി അസിസ്റ്റന്റ് ഓഫീസർ പ്രമോദ്,കർഷക സംഘടന പ്രതിനിധി മുല്ലനല്ലൂർ ശിവദാസൻ എന്നിവർ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി.40000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.