മലയിൻകീഴ്: സാധാരണ എല്ലാമാസവും 5നാണ് ദീപു ജീവനക്കാർക്ക് ശമ്പളം നൽകുന്നത്,എന്നാൽ

അടുത്തമാസം നൽകേണ്ട ശമ്പളം (ജൂലായിൽ നൽകേണ്ടത്) ഈ മാസം 21ന് നൽകി. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് ജീവനക്കാർ പറയുന്നു.

ഈ മാസം 5ന് കഴിഞ്ഞമാസത്തെ ശമ്പളം നൽകിയിരുന്നു. എന്നാൽ വർക്ക്ഷോപ്പിലെ ആക്രി വാങ്ങാനെത്തിയ ആൾ അഡ്വാൻസായി നൽകിയ 50,000രൂപ അക്കൗണ്ടിൽ ഇടണ്ടെന്നും അത് ഈ മാസം തന്നെ ശമ്പളമായി നൽകാനും ദീപു അക്കൗണ്ടന്റിന് നിർദ്ദേശം നൽകുകയായിരുന്നു. ദീപുവിന്റെ വീട്ടിലും വീടിനോട് ചേർന്ന ഡി.ബി.എം എൻജിനിയറിംഗ് വർക്ക് ഷോപ്പിലുമായി ഏഴു ജീവനക്കാരാണുള്ളത്.

24ന് രാവിലെ മാനേജർ സാജനോട് ക്രഷറിലേക്കും വർക്ക് ഷോപ്പിലേക്കും ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടു. ലിസ്റ്റ് നൽകിയപ്പോൾ ഇത്രയും ആവശ്യമുണ്ടോ,എത്ര രൂപ ഓഫീസിലുണ്ടാകുമെന്നും ദീപു ചോദിച്ചു. ഉണ്ടായിരുന്ന 3.5 ലക്ഷം ദീപു വാങ്ങിയെന്നും സാജൻ കേരളകൗമുദിയോട് പറഞ്ഞു.

ഹയർ സെക്കൻഡറി അദ്ധ്യാപികയായ ദീപുവിന്റെ ഭാര്യ വിധുമോൾക്ക് കൊല്ലത്തു നിന്ന് പാലക്കാട് സ്കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. സംഭവദിവസം കൊല്ലത്തെ സ്കൂളിൽ നിന്ന് അവർ സർവീസ് ബുക്ക് വാങ്ങി വീട്ടിൽ മടങ്ങി എത്തിയശേഷമാണ് ദീപു തമിഴ്നാട്ടിലേക്ക് തിരിച്ചത്. മാനേജർ രാവിലെ നൽകിയ പണവും കൈയിലുണ്ടായിരുന്ന ബാക്കിയും ചേർത്ത് 10ലക്ഷം രൂപയുമായാണ് ദീപു യാത്ര തിരിച്ചതെന്ന് വിധുമോളും പറഞ്ഞു.

നഗരത്തിലെ സ്കൂളിൽ പഠിക്കുന്ന മൂത്തമകൻ മാധവിന്റെ സ്കൂൾ ബസ് മൊട്ടമൂട്ടിൽ എത്തുമ്പോൾ ദീപുവാണ് കാറിൽ കൂട്ടികൊണ്ടുവരുന്നത്. സംഭവദിവസവും മാധവിനെ വീട്ടിലെത്തിച്ചത് ദീപുവാണ്.

വീടുൾപ്പെടെ ലോണെടുത്താണ് പണിതത്. പ്രതിമാസം രണ്ടു ലക്ഷം രൂപ അടവുണ്ടെന്നാണ് വിവരം. ഇതിന് പുറമേ ക്വാറി തുറന്നു പ്രവർത്തിക്കാത്തതിലെ ബുദ്ധിമുട്ടുകളുമുണ്ട്.

ദീപുവിന്റെയും ഭാര്യയുടെയും മക്കളുടെയും പേരിൽ വൻതുക ഇൻഷ്വറൻസുണ്ട്. ഒരുവർഷത്തേയ്ക്കുള്ള പ്രീമിയം ഒരുമിച്ചാണ് അടയ്ക്കുന്നത്. സാജനാണ് ബാങ്കിൽ ചെക്ക് നൽകിയിരുന്നത്. മാസങ്ങൾക്ക് മുൻപ് മരണശേഷം തുക ലഭിക്കുന്ന നടപടികളെക്കുറിച്ച് ദീപു ചോദിച്ചിരുന്നതായി സാജൻ ഓർമ്മിക്കുന്നുണ്ട്.എന്നാൽ മരണത്തിലേക്ക് നയിക്കുന്ന സാഹചര്യം ദീപുവിനില്ലെന്നും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സാജൻ പറഞ്ഞു.