കിളിമാനൂർ: യാത്ര ഏറെ ഇഷ്ടപ്പെടുന്ന സാധാരണക്കാരായ യാത്രക്കാർക്ക് ചാറ്റൽമഴയും മഞ്ഞും തെയിലക്കാടുകളും പിന്നെ അല്പം ഭക്തിയുമൊക്കെ സമ്മാനിച്ച് കിളിമാനൂർ കെ.എസ്.ആർ.ടി.സി വിനോദയാത്ര നൂറാം ദിനത്തിലേക്ക്. ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി എല്ലാ പ്രായത്തിലുള്ളവർക്കും ആസ്വാദിക്കാൻ തരത്തിലുള്ള പാക്കേജുകളാണ് ഒരുക്കിയിരുന്നത്. ഇതുവരെ നൂറു യാത്രകൾ സംഘടിപ്പിച്ചു. നൂറാമത് യാത്രയുടെ ആഘോഷ പരിപാടികൾ 30ന് രാവിലെ 10ന് കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ അങ്കണത്തിൽ നടക്കും. ഒ.എസ്. അംബിക എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. 2022 സെപ്റ്റംബർ 23ന് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്കാണ് ആദ്യ യാത്ര നടത്തിയത്.