velloorkonam

മുടപുരം: കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ച കിഴുവിലം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ വെള്ളൂർക്കോണം റോഡ് നന്നാക്കാത്തതിനെ തുടർന്ന് ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. ചിറയിൻകീഴ് -ആറ്റിങ്ങൽ റോഡിൽ രാമച്ചംവിളയിൽ നിന്ന് ആരംഭിച്ച കാട്ടുമ്പുറം വഴി സൊസൈറ്റി ജംഗ്ഷനിൽ എത്തി അവിടെനിന്ന് ആറ്റിങ്ങൽ ഐ.ടി.എക്ക് മുന്നിൽ എത്തുന്നതാണ് ഈ റോഡ്. കിഴുവിലം പഞ്ചായത്തിനെ ആറ്റിങ്ങൽ ടൗണുമായി ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ് ഇത്.
നാലു മീറ്റർ പോലും വീതിയില്ലാത്ത റോഡ് മൂന്ന് മാസങ്ങൾക്ക് മുമ്പാണ് കുത്തിപ്പൊളിച്ച് വലിയ പൈപ്പുകൾ സ്ഥാപിച്ചത്. റോഡിന്റെ കാൽ ഭാഗത്തിൽ കൂടുതൽ പൊളിച്ച് ആഴത്തിൽ കുഴിയെടുത്താണ് വലിയ പൈപ്പുകൾ സ്ഥാപിച്ചത്. ജനങ്ങളുടെ പരാതിമൂലം അവിടെ ചാക്കിൽ മണ്ണ് നിറച്ച് കൊണ്ടുവന്നിട്ടെങ്കിലും മഴയത്ത് അത് ചെളിക്കളമായി മാറി. ഇതുമൂലം സാധാരണക്കാരായ ജനങ്ങൾക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയായി. കിഴുവിലം പഞ്ചായത്തിൽ വലിയ പൈപ്പുകൾ സ്ഥാപിക്കാൻ ഇത്തരത്തിൽ പല റോഡുകളിലും കുഴിച്ച് കുളമാക്കിയിട്ട് റീടാർ ചെയ്യാനോ കോൺക്രീറ്റ് ചെയ്യാനോ അധികൃതർ തയാറായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.

 കുഴിയും മൂടിയില്ല

കുഴിയെടുത്തപ്പോൾ ഉണ്ടായ മണ്ണ് ഇവിടെനിന്ന്‌ മാറ്റിയിരുന്നു. പിന്നീട് പൈപ്പ് സ്ഥാപിച്ചതിനുശേഷം ഈ കുഴി യഥാവിധം മൂടാനും കഴിഞ്ഞില്ല. മാത്രമല്ല പൈപ്പ് സ്ഥാപിച്ച ശേഷം ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയുകയോ ചെയ്തിട്ടില്ല. അതിനാൽ മഴപെയ്തപ്പോൾ അവിടം വലിയ ഓടപോലെയായി.