
വെഞ്ഞാറമൂട്: സ്വകാര്യ ചാനലിലെ മ്യൂസിക് പ്രോഗാമിന്റെ ലൈവ് കമ്പോസിംഗിന് കവിത ആവശ്യമായി വന്നപ്പോഴാണ് കുടുംബശ്രീയുടെ 'അരങ്ങ്" ജില്ല കലോത്സവത്തിൽ കവിത രചനയിൽ ഒന്നാം സ്ഥാനക്കാരിയായ ഊർമിളയെക്കുറിച്ച് അണിയറ പ്രവർത്തകർ ആലോചിച്ചത്. ചാനലിൽ നിന്ന് വിളിയെത്തിയതും 'മഴമലരിതളുകളായി നീയെന്നിൽ മഴവില്ലഴകായി വിരിഞ്ഞിരുന്നു. അതിലോലമനുരാഗ സംഗീതമായി ആർദ്രമായെന്നിൽ നിറഞ്ഞിരുന്നു. അസുലഭ നിർമല നീലിമയിൽ ഞാനറിയുന്നു നിൻ അനുരാഗ പല്ലവികൾ " എന്ന കവിത എഴുതി അയച്ചു.
അപ്പോഴും ആരാണ് സംഗീത സംവിധാനം നിർവഹിക്കുന്നതെന്നോ ആലപിക്കുന്നതെന്നോ അറിയില്ലായിരുന്നു. തുടർന്ന് ടി.വിയിൽ പരിപാടി സംപ്രേഷണം ചെയ്തപ്പോഴാണ് തനിക്കു ലഭിച്ച മഹാഭാഗ്യത്തെക്കുറിച്ചോർത്ത് ഞെട്ടിയത്. ഈണം നൽകിയത് സാക്ഷാൽ വിദ്യാസാഗർ പാടിയത് മലയാളികളുടെ സ്വന്തം വാനമ്പാടി കെ.എസ്.ചിത്ര. വരികൾ വായിച്ചപ്പോൾ വർഷങ്ങൾക്കുമുമ്പ് താൻ ഈണം നൽകിയ 'വരമഞ്ഞളാടിയ രാവിന്റെ മാറിൽ" എന്ന സൂപ്പർ ഹിറ്റ് ഗാനമാണ് ഓർമ്മ വന്നതെന്ന് വിദ്യാസാഗർ പറഞ്ഞു.
ഇന്ന് ഈ വരികൾ വിദ്യാസാഗറിന് മാത്രമല്ല മലയാളികൾക്കാകെ പ്രിയപ്പെട്ടതായി. സമൂഹ മാദ്ധ്യമങ്ങളിലെല്ലാം ഊർമിളയ്ക്ക് അഭിന്ദന പ്രവാഹം. സ്കൂൾ തലം മുതൽ കവിത എഴുതുന്ന ഈ 21കാരിയുടെ 'മുഖമൊഴി ആയി നീഹാരിക" എന്ന അൻപത് കവിതകൾ അടങ്ങുന്ന കവിതാസമാഹാരം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. വെഞ്ഞാറമൂട് കെ.കെ ഹൗസിൽ ആയുർവേദ വൈദ്യൻ നന്ദകുമാരൻ നായരുടെയും അജിതകുമാരിയുടെയും മകളായ ഊർമിള അഗസ്ത്യ ആയൂർ മാർത്തോമ കോളേജിലെ എം.എസ്.സി പോളിമർ കെമിസ്ട്രി വിദ്യാർത്ഥിയാണ്. ആയുർവേദ ഡോക്ടറായ അഭിജിത്താണ് അനുജൻ.