
വെഞ്ഞാറമൂട്: സെപ്ടിക് ടാങ്കിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി.ആറാംതാനം ചരുവിള പുത്തൻവീട്ടിൽ ലക്ഷ്മിയാണ് (69) ഇരുപതടി ആഴമുള്ള സെപ്ടിക് ടാങ്കിൽ സ്ലാബ് തകർന്ന് അകത്തേയ്ക്ക് വീണ് സ്ലാബ് ശരീരത്തിൽ കുടുങ്ങിക്കിടന്നത്. വശങ്ങൾ നനഞ്ഞ് അകത്തേക്കു മണ്ണിടിഞ്ഞ് വീണുകൊണ്ടിരുന്ന അവസ്ഥയിലും ബാക്കി രണ്ട് സ്ലാബുകൾ തകർന്നുവീഴാൻ സാദ്ധ്യതയുള്ളതിനാലും നാട്ടുകാർക്ക് രക്ഷാദൗത്യം ദുർഘടമായിരുന്നു. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു.ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് ഇറങ്ങി സ്ലാബ് ശരീരത്തിൽ നിന്ന് മാറ്റിയ ശേഷം റോപ് നെറ്റ് എന്നിവയുടെ സഹായത്താൽ ഇവരെ പുറത്തെടുക്കുകയായിരുന്നു.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ജയദേവന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബൈജു,ബിജു,ഗിരീഷ് കുമാർ,ഹരേഷ്,സൈഫുദീൻ, ഹോം ഗാർഡുമാരായ സനിൽ,ആനന്ദ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.