കാട്ടാക്കട: ശക്തമായ മഴയ്ക്കൊപ്പമുള്ള കാറ്റിൽ നാശനഷ്ടമേറുന്നു.കുറ്റിച്ചൽ,കാട്ടാക്കട,പൂവച്ചൽ,കള്ളിക്കാട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് നാശനഷ്ടമേറെ.പലയിടങ്ങളിലും കാറ്റിലും മഴയിലും മരം വീണ് വീടുകൾക്ക് കേടുപാടുണ്ടായി.ശക്തമായ മഴയിൽ റോഡുകളിലെ വെള്ളക്കെട്ട് കാരണം ഗതാഗത തടസവുമുണ്ടായി.
കുറ്റിച്ചൽ പഞ്ചായത്തിൽ രണ്ടും പൂവച്ചൽ പഞ്ചായത്തിൽ മൂന്നും വീടുകൾക്കാണ് നാശമുണ്ടായത്.കുറ്റിച്ചൽ പ്രദേശത്ത് ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും ഏറെ നാശമുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ കൃഷിനശിച്ചു.തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ അഗസ്ത്യവനത്തിലെ ആദിവാസി ഊരുകൾ പലതും ഒറ്റപ്പെട്ട അവസ്ഥയിലാണ്.നാല് ദിവസമായി തുടരുന്ന മഴയ്ക്ക് ഇന്നലെയും ശമനമില്ല.