k

തിരുവനന്തപുരം: ആശുപത്രികളിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും സൂക്ഷിക്കുക. ചിലപ്പോൾ ആശുപത്രി പരിസരത്തുള്ള തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടേണ്ടി വന്നേക്കാം. കഴിഞ്ഞ ദിവസം പേരൂർക്കട ജില്ല മാതൃക ആശുപത്രിയിൽ അമ്മയ്ക്കൊപ്പം വാക്സിനെടുക്കാനെത്തിയ കുടപ്പനക്കുന്ന് സ്വദേശി ശിവരുദ്രയെ (10)​ തെരുവുനായ്ക്കൾ ക്രൂരമായി ആക്രമിച്ചിരുന്നു. ഇടതുതുടയിൽ ആഴത്തിൽ കടിയേറ്റ കുട്ടിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം വർദ്ധിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. നഗരത്തിലെ പാളയം, പേട്ട, കുന്നുകുഴി, ബാർട്ടൺ ഹിൽ,​ നഗരസഭ പരിസരം,​ മ്യൂസിയം അടക്കമുള്ള ഇടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രമാണ്.

ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജിലും സമാന സ്ഥിതി തന്നെ. പകൽ തുറസായ സ്ഥലങ്ങളിലും വാഹനങ്ങൾക്കടിയിലും കിടക്കുന്ന നായ്ക്കൾ രാത്രിയിൽ കൂട്ടമായെത്തി കിടിപിടികൂട്ടും. രാത്രിയിൽ പുറത്തുള്ള ഫാർമസിയിൽ പോകുന്നവരും ഭക്ഷണം വാങ്ങാൻ പോകുന്നവരുമാണ് ഇവയുടെ ആക്രമണത്തിന് ഇരയാകുന്നത്. പരിസരത്ത് ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടം കഴിക്കാനാണ് ഇവ തമ്പടിക്കുന്നത്. ജനറൽ ആശുപത്രിയിലും പ്രശ്നമുണ്ടെന്നാണ് പരാതി. നായ്ക്കൾ വരാന്തയിൽ കയറിക്കിടക്കുന്നതായും ആംബുലൻസിന് കുറുകെ കയറി മാർഗതടസം സൃഷ്ടിക്കുന്നതായും ആക്ഷേപമുണ്ട്.

നഗരത്തിൽ 8,​000ലേറെ തെരുവുനായ്ക്കൾ

നായപരിപാലന സന്നദ്ധസംഘടനയായ 'കാവാ"യുടെ സഹായത്തിൽ നഗരസഭ നടത്തിയ സ‌ർവേ പ്രകാരം നഗരത്തിൽ 8,​000ലേറെ തെരുവുനായ്ക്കൾ ഉണ്ടെന്നാണ് കണക്ക്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന ആനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിയിലൂടെ കഴിഞ്ഞവർഷം 1,​200 നായ്ക്കളെ വന്ധ്യംകരിച്ചു. നിലവിൽ 80 ശതമാനം നായ്ക്കൾക്ക് വാക്സിനെടുത്തിട്ടുണ്ട്.

കേസ് നൽകും

പേരൂർക്കട ജില്ല മാതൃക ആശുപത്രിയിൽ കുട്ടിയെ തെരുവുനായ കടിച്ച സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന് അച്ഛൻ പ്രവീൺ പറഞ്ഞു. പേരൂർക്കട പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. ശിവരുദ്രയെ ചികിത്സിക്കാൻ പേരൂർക്കട ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് വിസമ്മതിച്ചതായും പരാതിയുണ്ട്. സൂപ്രണ്ട് ഇടപെട്ടാണ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. അഭിഭാഷകനെ കണ്ട ശേഷം തുടർ നടപടികളിലേക്ക് നീങ്ങും.