vld-1

വെള്ളറട: പൊതുശ്മശാനത്തിനായി വാങ്ങിയ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.വെള്ളറട ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം നിർമ്മിക്കാനായി മണലിയിൽ വാങ്ങിയിട്ടിരിക്കുന്ന സ്ഥലത്താണ് പനച്ചമൂട് ചന്തയിലെ ഖരമാലിന്യങ്ങൾ നിക്ഷേപിക്കാനെത്തിയത്. നേരത്തെ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് നിക്ഷേപിച്ചു. നാട്ടുകാർ വിവരമറിഞ്ഞതോടെ സംഘടിച്ചെത്തുകയായിരുന്നു.ഇന്നലെ മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു. വാങ്ങിയ സ്ഥലത്ത് ശ്മശാനം നിർമ്മിച്ചാൽ മതിയെന്നും മാലിന്യം നിക്ഷേപിച്ച് ദുർഗന്ധം പരത്തരുതെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. സംഭവമറിഞ്ഞ് വെള്ളറട പൊലീസ് സ്ഥലത്തെത്തി ഗ്രാമപഞ്ചായത്ത് അധികൃതരെയും നാട്ടുകാരുമായി സംസാരിച്ചു. എന്നാൽ ഇവിടെ മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു നാട്ടുകാർ. പിന്നീട് പൊലീസ് ഇടപെട്ട് കൊണ്ടുവന്ന മാലിന്യം തിരികെ കൊണ്ടുപോയി.പനച്ചമൂട് ചന്തയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അവിടെനിന്ന് നീക്കംചെയ്ത മാലിന്യങ്ങളാണ് പഞ്ചായത്ത് വക വസ്തുവിൽ നിക്ഷേപിക്കാൻ കൊണ്ടുപോയതെന്നും ഇതിൽ ദുർഗന്ധം പരത്തുന്ന ഏതൊന്നുമില്ലെന്നുമാണ് അധികൃതർ പറയുന്നത്.