തിരുവനന്തപുരം: പേട്ട ഭഗത്‌സിംഗ് റോഡ് ക്രോസ് ഡിയിൽ (പുലിക്കോട് ലെയിൻ) കഴിഞ്ഞ ഒരു മാസത്തിലേറെയായി ഡ്രെയിനേജ് പൊട്ടിയൊഴുകുന്നതായി പരാതി. പള്ളിമുക്ക് -കണ്ണമ്മൂല റോഡ് ഒരാഴ്ച പൂർണമായും അടച്ചിട്ട് പണി നടത്തിയെങ്കിലും ഒരു മാൻഹോളിൽ നിന്ന് അടുത്ത മാൻഹോളിലേക്ക് കൊടുത്തിരിക്കുന്ന പൊട്ടിയ പൈപ്പ് മാറ്റാതെ പണി നിറുത്തിയതാണ് ഡ്രെയിനേജ് ഒഴുകാനിടയായതെന്ന് നാട്ടുകാർ പറയുന്നു. സ്ഥലത്ത് കടുത്ത ദുർഗന്ധമാണുള്ളതെന്നും ഇതുമൂലം ഇവിടെ താമസിക്കുന്നവർക്ക് പകർച്ചവ്യാധി പിടിപെടുമോ എന്ന ആശങ്കയുണ്ടെന്നും ഭഗത്‌സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിൽ സ്വീവറേജ് പാറ്റൂർ ഡിവിഷൻ എക്സിക്യുട്ടിവ് എൻജിനിയർക്ക് പരാതി നൽകിയിരുന്നു.പള്ളിമുക്ക് -കണ്ണമ്മൂല റോഡിലുള്ള ഡ്രെയിനേജ് പൈപ്പിലുണ്ടായ പൊട്ടലാണ് കാരണമെന്നും പൊട്ടിയ പൈപ്പ് മാറ്റാനുള്ള പണി ഉടൻ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.എന്നാൽ,പൈപ്പ് മാറ്റാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല.മഴക്കാലം കഴിയട്ടെയെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് ഭഗത്‌സിംഗ് റോഡ് റസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.