
പൂവാർ: രാജസ്ഥാനിൽ ഹൃദയസ്തംഭനം മൂലം മരിച്ച ബി.എസ്.എഫ് ജവാന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ. പൂവാർ ചെക്കടി കുളംവെട്ടി എസ്.ജെ ഭവനിൽ ശമുവേൽ (59) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ എതിർപ്പിനെ തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീപോസ്റ്റ്മോർട്ടം നടത്തി. ഡി.എൻ.എ പരിശോധന നടത്തണമെന്ന ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ച ബി.എസ്.എഫ് അധികൃതർ, അതിനുള്ള സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹം ഇന്ന് വിട്ടുകൊടുക്കുമെന്ന് അറിയിച്ചു.
രാജസ്ഥാനിൽ ഹെഡ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന ശമുവേൽ കഴിഞ്ഞ 24ന് വൈകിട്ട് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. 26ന് രാവിലെ എത്തിക്കുമെന്ന് അറിയിച്ചിരുന്ന മൃതദേഹം വൈകി രാത്രി 9നാണ് എത്തിച്ചത്. ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കൾ ആംബുലൻസിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം അഴുകിയത് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ശമുവേലിന്റേ തന്നെയാണോയെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും മരണം സംബന്ധിച്ച് സംശയമുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.
ഡി.എൻ.എ പരിശോധനാഫലം ലഭിക്കുന്നത് അനുസരിച്ചേ മൃതദേഹം ഏറ്റുവാങ്ങുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ബന്ധുക്കൾ പറഞ്ഞു. നാട്ടിലെത്തിയ ശാമുവേൽ കഴിഞ്ഞ 18നാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. അടുത്ത വർഷം വിരമിക്കാനിരിക്കേയാണ് മരിച്ചത്.ഭാര്യ: ജാസ്മിൻ ലൗലി. മക്കൾ: നീനു, മീനു.