തിരുവനന്തപുരം: ഐ.ടി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ് മേഖലകളിലെ നൂതന ആശയങ്ങളെ സമൂഹത്തിന്റെ പുനർ നിർമ്മാണത്തിന് ഉപയോഗിക്കണമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു പറഞ്ഞു. ടെക്നോപാർക്കിലെ ഐ.സി.ടി അക്കാഡമിയുടെ പത്താം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാലുവർഷ ബിരുദത്തിൽ നൈപുണ്യ വികസന കോഴ്സുകൾ അനിവാര്യമാണ്. സാദ്ധ്യമായ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ഇവ ലഭ്യമാക്കും. പുതിയ തൊഴിലവസരങ്ങൾ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്താൻ യുവതലമുറയെ പ്രാപ്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
അക്കാഡമി ചെയർമാൻ ഡോ. ടോണി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ്-ചാൻസലർ ഡോ. ജഗതി രാജ്.വി.പി, ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ എന്നിവർ സംസാരിച്ചു. മുരളീധരൻ മന്നിങ്കൽ സ്വാഗതവും റിജി എൻ.ദാസ് നന്ദിയും പറഞ്ഞു.