നിർഭയനും കർമ്മനിരതനുമായ സഖാവായിരുന്നു സി.പി.ഐ മുൻ ജില്ലാ സെക്രട്ടറിയും ജില്ലയിലെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന എൻ.കാർത്തികേയൻ. ജില്ലയിൽ സി.പി.ഐ കെട്ടിപ്പടുക്കുന്നതിന് ത്യാഗനിർഭരമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.

ജില്ലയിലെ പച്ചത്തൊണ്ട് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തേക്ക് കടന്നുവന്നത്. പ്രസ് തൊഴിലാളിയായിരുന്ന കാർത്തികേയൻ കൊടിയ ചൂഷണത്തിന് വിധേയരായ പ്രസ് തൊഴിലാളികളെ ശക്തമായ ഒരു സംഘടനയുടെ കീഴിൽ കൊണ്ടുവരുന്നതിന് കെ.വി.സുരേന്ദ്രനാഥിനോടൊപ്പം നിരന്തരം പ്രവർത്തിച്ചു. പിൽക്കാലത്ത് പ്രസ് തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾക്ക് മുഖ്യ പങ്കുവഹിച്ചു. കയർ,​ കൈത്തറി,​ കശുഅണ്ടി തൊഴിലാളികളെ സംഘടിപ്പിച്ചു. ഷോപ്സ് ആൻഡ് എസ്റ്റാബിളിഷ്‌മെന്റ് എംപ്ലോയീസ് യൂണിയൻ, ഹെഡ് ലോഡ് യൂണിയൻ തുടങ്ങിയ ചെറുതും വലുതുമായ നിരവധി യൂണിയനുകളുടെ ജില്ല,​ സംസ്ഥാന ഭാരവാഹിയായിരുന്നു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിച്ചു. ദീർഘകാലം കേരളകൗമുദി നോൺ വർക്കിംഗ് ജേർണലിസ്റ്റ് യൂണിയന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

വിശ്രമമില്ലാതെ പാർട്ടി,​ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം, ജില്ലാ സെക്രട്ടറി, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹം നടത്തിയ പ്രവർത്തനം മാതൃകാപരമാണ്.

അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലേക്ക് കടന്നുചെല്ലാതെ പാവപ്പെട്ട ജനവിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചു. ജയിൽവാസവും പൊലീസ് മർദ്ദനവും അദ്ദേഹത്തിന്റെ ആരോഗ്യം കവർന്നെടുത്തു. കക്ഷിരാഷ്ട്രീയത്തിനതീതമായി വലിയൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമകൂടിയായിരുന്നു എൻ.കാർത്തികേയൻ. അദ്ദേഹത്തിന്റെ ദീപ്തമായ സ്മാരണയ്ക്കുമുമ്പിൽ സി.പി.ഐ ജില്ലാ കൗൺസിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.