1

വിഴിഞ്ഞം: ഒരുക്കങ്ങൾ പൂർത്തിയാക്കിയ ബൊള്ളാർഡ് പുൾ ടെസ്റ്റ് പ്രതികൂല കാലാവസ്ഥയായതിനാൽ അവസാന നിമിഷം മാറ്റിവച്ചു. വിഴിഞ്ഞത്ത് ഇന്നലെ രാവിലെ നടത്താനിരുന്ന ബോള്ളാർഡ് പുൾ ടെസ്‌റ്റാണ് മാറ്റിവച്ചത്. അടുത്ത ആഴ്ച നടത്തുമെന്ന് അധികൃതർ പറഞ്ഞു. വിഴിഞ്ഞം ഹാർബർ റോഡിലെ ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിൽ ഇന്നലെ രാവിലെ ദൗത്യത്തിന്റെ ഏകോപന ചുമതലയുള്ള വാട്ടർ ലൈൻ ഷിപ്പിംഗ് ആൻഡ് ലോജിസ്‌റ്റിക്‌സ്‌ പ്രൈ. ലി.ഏജൻസി അധികൃതർ,മാരിടൈം ബോർഡ്,കൊച്ചിൻ ഷിപ്‌യാർഡ്,അദാനി പോർട്സ് തുടങ്ങിയ കേന്ദ്രങ്ങളിലെ ഉന്നത ഉദ്യോഗസ്ഥ സംഘമടക്കമുള്ളവർ എത്തിയിരുന്നു. ബൊള്ളാർഡ് കേന്ദ്രത്തിലെ ഉരുക്ക് തൂണിൽ ശേഷി പരിശോധിക്കേണ്ട ടഗ് ഓഷ്യൻ പ്രസ്‌റ്റീജുമായി പോളിപ്രൊപ്പലൈൻ വടം ഉപയോഗിച്ച് ബന്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ടഗ്ഗിന് ഉലച്ചിൽ സംഭവിച്ചു. ഇതോടെയാണ് ശേഷി പരിശോധന മാറ്റിവച്ചത്. രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ എത്തുന്നതിനോടനുബന്ധിച്ച് മുന്നൊരുക്ക നടപടികളുടെ ഭാഗമായി എത്തിച്ച ടഗ്ഗിന്റെ ശേഷി പരിശോധനയാണ് ഇന്നലെ നടക്കേണ്ടിയിരുന്നത്.പരിശോധന കാണാനായി നിരവധി സന്ദർശകർ എത്തിയിരുന്നെങ്കിലും നിരാശരായി മടങ്ങി.