തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി വെള്ളനാട് പുതുകുളങ്ങര കുരിശ്ശടി ജംഗ്ഷനിൽ ബിനുഭവനിൽ ബിനോയിയെ കോടതി വീണ്ടും രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും പെൺകുട്ടിയെ വർക്കലയിലെ റിസോർട്ടിൽ കൊണ്ടുപോയ കാർ കണ്ടെടുക്കാനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് പ്രതിയെ കസ്റ്റഡിയിൽ വിട്ടത്.

പെൺകുട്ടിയുടെ ഗർഭഛിദ്രം നടത്തുന്നതിനുള്ള മരുന്ന് വാങ്ങി നൽകിയതുൾപ്പെടെ പ്രതിയെ സഹായിച്ച കരകുളം കിഴക്കേല വാർഡിൽ അമ്മൻ കോവിലിന് സമീപം മണലിത്തല സദനം വീട്ടിൽ രമ്യാ ഗോപൻ.ജി.ബി, ആനയറ കടകംപള്ളി എം.സി.സി ലെയിനിൽ വാടകയ്ക്ക് താമസിക്കുന്ന വിശാക് എന്ന കിച്ചു എന്നിവരെ കുന്നുകുഴിയിലെ സ്റ്റുഡിയോയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബിനോയിയെ വീണ്ടും ചോദ്യം ചെയ്യണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പഴുതടച്ചുള്ള അന്വേഷണത്തിന് പ്രതിയുടെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കസ്റ്റഡി അനുവദിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.