ശംഖുംമുഖും: തീരദേശത്ത് തുടർച്ചയായി മോഷണം പെരുകുമ്പോഴും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്ഷേത്ര വിഗ്രഹം മോഷ്ടിച്ചത് ഉൾപ്പെടെ രണ്ടു മോഷണ സംഭവമുണ്ടായെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനയൊന്നും ലഭിക്കാത്തതിന്റെ നാണക്കേടിലാണ് സിറ്റി പൊലീസ്.

പൂന്തുറ ദേവീക്ഷേത്രത്തിൽ നിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹമാണ് കഴിഞ്ഞ ദിവസം മോഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമീപത്തുള്ള സി.സിടിവി ദൃശ്യങ്ങൾ പോലും ലഭിച്ചിട്ടില്ല. അമ്പലത്തിനടുത്തുള്ള പച്ചക്കറിക്കടയിൽ നിന്ന് മൂന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിലെ പ്രതികളുടെ ദൃശ്യങ്ങൾ സമീപത്തെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസിന് കിട്ടിയെങ്കിലും പ്രതികളെക്കുറിച്ചുള്ള സൂചനകളൊന്നും പൂന്തുറ പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്.നിലവിൽ കിട്ടിയ ദൃശ്യങ്ങൾ പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള പഴയ കുറ്റവാളികളുമായി സാമ്യമില്ലാതെ വന്നതോടെയാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്.

ഇത് കൂടാതെ,തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി മറ്റുജില്ലകളിൽ നിന്നെത്തിയ സി.ഐ,എസ്.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് മുതലെടുത്ത് മോഷ്ടാക്കൾ തീരദേശ മേഖല വിഹാര കേന്ദ്രങ്ങളാക്കി മാറ്രിയിരിക്കുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.