maram

വിതുര: പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൊൻമുടി കല്ലാർ റോഡരികിലാണ് വേരുകൾ പുറന്തള്ളി ഏതുസമയത്തും നിലംപൊത്താവുന്ന അവസ്ഥയിൽ അനവധി മരങ്ങൾ നിൽക്കുന്നത്.

മഴ കനത്തതോടെ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും റോഡിലേക്ക് വീഴുകയാണ്. ഇതോടെ ഗതാഗതം തടസപ്പെടും. മാത്രമല്ല മരങ്ങൾ വൈദ്യുതിലൈനിൽ പതിച്ച് ലൈൻ പൊട്ടിവീഴുകയും പോസ്റ്റുകൾ നിലം പൊത്തുകയും ചെയ്യുന്നുണ്ട്.

ഗതാഗതതടസം പതിവാകുന്നു

കഴിഞ്ഞദിവസം കല്ലാറിൽ റോഡരികിൽ നിന്ന മരം കടപുഴകി റോഡിലേക്ക് പതിക്കുകയും പൊൻമുടി വിതുര റൂട്ടിൽ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലയ്ക്കുകയും ചെയ്തു. രണ്ട് ദിവസം മുൻപും മരം വീണ് ഗതാഗതം മുടങ്ങിയിരുന്നു. നേരത്തെ വിനോദസഞ്ചാരാർത്ഥം പൊൻമുടി സന്ദർശിക്കാനെത്തിയ സഞ്ചാരികളുടെ കാറിന് മുകളിലും മരം കടപുഴകിവീണ് മൂന്ന് പേർക്ക് പരിക്കേറ്റ സംഭവവുമുണ്ടായി.

നടപടിയില്ലാതെ

റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊൻമുടി വികസനസമിതി പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല.

ഭീഷണിയിൽ

അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ പൊൻമുടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾക്കും ഭീഷണിയായി മാറിയിട്ടുണ്ട്. മാത്രമല്ല നെടുമങ്ങാട് വിതുര റൂട്ടിലും റോഡരികിൽ അവനധി മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റോഡരികിൽ നിന്ന മരം കടപുഴകി നെടുമങ്ങാട് വിതുര റൂട്ടിൽ ഗതാഗതം നിലച്ചിരുന്നു. മാത്രമല്ല വൈദ്യുതിലൈൻ പൊട്ടിവീഴുകയും മൂന്ന് മണിക്കൂറോളം വൈദ്യുതിവിതരണം നിലയ്ക്കുകയും ചെയ്തിരുന്നു.

പൊൻമുടിയിൽ വൈദ്യുതി തടസം പതിവ്

മഴ കനത്തതോടെ പൊൻമുടി മേഖലയിൽ വൈദ്യുതിതടസം പതിവാകുന്നു. വനത്തിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോകുന്നത്. മരങ്ങൾ വൈദ്യുതിലൈനിൽ ഉരസിയും, ഒടിഞ്ഞും, കടപുഴകിയും വീണ് വൈദ്യുതി മുടങ്ങുന്നത് മണിക്കൂറുകൾക്കു ശേഷമാണ് പുനഃസ്ഥാപിക്കുന്നത്. കാട്ടാനകളും വൈദ്യുതി പോസ്റ്റുകൾ മറിച്ചിടാറുണ്ട്.

പൊൻമുടി അടച്ചു

കനത്തമഴയെ തുടർന്ന് മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽസാദ്ധ്യതകൾ കണക്കിലെടുത്ത് ദുരന്തനിവാരണസമിതി പൊൻമുടി അടച്ചിട്ടിരിക്കുകയാണ്. മഴയുടെ ശക്തി കുറഞ്ഞാൽ അടുത്ത ആഴ്ച സഞ്ചാരികൾക്കായി തുറന്നുകൊടുക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.