തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയും ബഥനി സമൂഹങ്ങളുടെ സ്ഥാപകനുമായ ധന്യൻ മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ 71-ാം ഓർമ്മപ്പെരുന്നാൾ ജൂലായ് 1 മുതൽ 15 വരെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ജൂലായ് 1 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ മാർ ഇവാനിയോസിന്റെ കബറിടത്തിൽ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിൽ കുർബാന. 14ന് വൈകിട്ട് സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം ആയിരക്കണക്കിന് തീർത്ഥാടകർ പങ്കെടുക്കുന്ന മെഴുകുതിരി പ്രദക്ഷിണം,സമാപന ദിവസമായ 15ന് നടത്തുന്ന സമൂഹബലിക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മുഖ്യകാർമ്മികത്വം വഹിക്കും.സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യാതിഥിയാവും.

പെരുന്നാളിനോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽ നിന്ന് തീർത്ഥാടന പദയാത്രകൾ നടത്തും. പ്രധാന പദയാത്ര ജൂലായ് 10ന് റാന്നി പെരുനാട്ടിൽ നിന്ന് ആരംഭിക്കും. മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ ജന്മസ്ഥലമായ മാവേലിക്കര,​തിരുവല്ല,​മൂവാറ്റുപുഴ,​മാർത്താണ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള പദയാത്രകൾ വിവിധ സ്ഥലങ്ങളിൽവച്ച് പ്രധാന പദയാത്രയോട് ചേരും.