
കല്ലമ്പലം: കരവാരം പഞ്ചായത്തിലെ കുന്നത്ത് വാതുക്കൽ - വാരാവിൽ ക്ഷേത്രം റോഡ് സഞ്ചാര യോഗ്യമാക്കാൻ നടപടിയില്ലെന്ന് പരാതി. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡാണിത്. റോഡിന് വീതി കൂട്ടിയെങ്കിലും പിന്നീട് യാതൊരുവിധ പ്രവൃത്തനങ്ങളും നടന്നിട്ടില്ല. തകർന്നു തരിപ്പണമായ റോഡിൽ കാൽനട യാത്രപോലും ദുഷ്ക്കരമാണ്. കഴിഞ്ഞദിവസം പ്രദേശവാസിയായ വീട്ടമ്മ ഇവിടെ വീണ് കൈയ്ക്ക് പൊട്ടലേറ്റിരുന്നു. സ്കൂൾ ബസുൾപ്പടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടങ്ങളും പതിവാണ്. നിരവധിതവണ പഞ്ചായത്തിൽ വിവരമറിയിച്ചെങ്കിലും ഫണ്ടില്ലെന്ന സ്ഥിരം പല്ലവി പറഞ്ഞ് ഒഴിയുകയാണ് അധികൃതർ. അടിയന്തരമായി റോഡ് നിർമ്മാണം നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.