പൂവാർ: സ്കൂളുകൾ തുറന്നതോടെ തീരപ്രദേശത്ത് അന്തർസംസ്ഥാന മയക്കുമരുന്ന് സംഘങ്ങൾ വിലസുന്നതായി സൂചന. പൊലീസിനെയും എക്സൈസിനെയും കാഴ്ചക്കാരാക്കിയാണ് ലഹരി മാഫിയകളുടെ തേരോട്ടം. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളിലാണ് ഇവർ പ്രധാനമായും ലഹരി വസ്തുക്കളെത്തിക്കുന്നത്.

അന്യസംസ്ഥാനങ്ങളിൽ പോയി ഉയർന്ന കോഴ്സുകളിൽ പഠിക്കുന്നവരും ലഹരി വില്പനക്കാരായുണ്ട്.യുവാക്കൾ, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് വില്പന. തീരപ്രദേശത്തെ സ്കൂളുകളാണ് ഇപ്പോൾ ലഹരി മാഫിയകൾ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളെ സ്വാധീനിച്ച് ലഹരി ഉപയോഗിക്കുന്നവരാക്കും, പിന്നീട് സാമ്പത്തിക ലാഭം പ്രലോഭനമാക്കി ഇടനിലക്കാരാക്കുകയാണ് പതിവ്.

പ്രദേശത്തെ ഇടവകകളിലെ യുവാക്കളും മുതിർന്നവരും വൈദികരും ഒരുമിച്ചുകൂടി ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നുണ്ട്. മദ്യം, ലഹരിവസ്തുക്കൾ എന്നിവയുടെ വില്പനയും വാങ്ങലും ഉപയോഗവും തടയുമെന്ന് ഫ്ലക്സ് ബോർഡുകൾ തീരത്ത് സ്ഥാപിച്ചിട്ടുണ്ട്.എന്നാൽ അതൊന്നും സാധാരണ ജനവിഭാഗത്തെ സ്വാധീനിക്കുന്നില്ലെന്നാണ് വിലയിരുത്തൽ.

മാരക ലഹരി വസ്തുക്കൾ കടത്തുന്നവരെക്കുറിച്ചുള്ള രഹസ്യവിവരം കിട്ടുമ്പോൾ മാത്രമാണ് അധികൃതർ രംഗത്തുവരുന്നത്. ലഹരി മാഫിയയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലഹരി സുലഭം

തമിഴ്നാട്, കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്നതിന് പ്രത്യേക സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.

ചെറുപ്പക്കാർ വഴിതെറ്റുന്നു

തീരപ്രദേശത്തെ അനധികൃത ടൂറസ്റ്റ് കേന്ദ്രങ്ങളും ആളൊഴിഞ്ഞ വീടുകളുമാണ് ഇവരുടെ പ്രധാന താവളം. ഇവിടങ്ങൾ കേന്ദ്രീകരിച്ചും, ബൈപ്പാസ് റോഡിൽ വാഹനങ്ങൾ പരിശോധിച്ചും പൊലീസും എക്സൈസും നടത്തിയ റെയ്ഡിൽ മയക്കുമരുന്നിന്റെ വൻ ശേഖരങ്ങളാണ് പിടികൂടിയിട്ടുള്ളത്. പിടിക്കപ്പെട്ടവരിൽ ഏറെയും18നും 25നും ഇടയിൽ പ്രായമുള്ളവരാണ്.