കാട്ടാക്കട: കെ.എസ്.ആർ.ടി.സി വാണിജ്യ സമുച്ചയത്തിൽ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബസ് കാത്തുനിന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് രണ്ട് സംഘങ്ങൾ ഓടിക്കയറി തമ്മിൽത്തല്ലുകയായിരുന്നു. ഇതോടെ പ്രദേശത്ത് നിന്നിരുന്ന മറ്റ് വിദ്യാർത്ഥികൾ ഭയന്നോടി. നെയ്യാർ ഡാം ആർ.പി.എം സഹകരണ കോളേജിലെ രണ്ടാം വർഷ ബി.ഡി.എ വിദ്യാർത്ഥി ആതിഷ്, ബി.കോം വിദ്യാർത്ഥി അനു, ശീറാം എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച കോളേജിൽ വച്ചുണ്ടായ ചില സംഭവങ്ങളാണ് അക്രമത്തിനു കാരണം.
പത്തു മിനിറ്റോളം സംഘർഷാവസ്ഥ തുടർന്നു. സംഭവമറിഞ്ഞ പൊലീസ് എത്തിയപ്പോഴേക്കും സംഘം പിരിഞ്ഞു പോയിരുന്നു. രാത്രിയോടെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഘർഷം പുറത്തറിഞ്ഞത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കണ്ടാലറിയാവുന്നവരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിത്യ സംഭവം
വാണിജ്യ സമുച്ചയത്തിൽ സാമൂഹ്യവിരുദ്ധരുടേയും പൂവാലന്മാരുടേയും ശല്യമുള്ളതായി പരാതിയുണ്ട്. ഇവിടെ സംഘർഷങ്ങളും പതിവാണ്. പലപ്പോഴും വാണിജ്യ സമുച്ചയത്തിലെ സ്ഥാപന ഉടമകളും യാത്രക്കാരും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും ഇവർക്കുനേരെ സംഘം തിരിയുന്ന അവസ്ഥയാണ്. ഇതേത്തുടർന്ന് പൊലീസിനെ അറിയിക്കാൻ ഇവർ മടിക്കുന്നു. വിദ്യാർത്ഥികൾക്കു പുറമേ പുറത്തു നിന്നുള്ള സംഘങ്ങളും ഇവിടെ തമ്പടിക്കുന്നത് പതിവാണ്. ഇവിടം കഞ്ചാവ് ഉൾപ്പെടെയുള്ള നിരോധിത ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നടക്കുന്നയിടമാണെന്ന് പൊലീസും എക്സൈസും ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് പട്രോളിംഗ് ഇല്ലാത്തതും കെ.എസ്.ആർ.ടി.സി സുരക്ഷാ ജീവനക്കാരുടെ ആഭാവവുമാണ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ യഥേഷ്ടം നടക്കുന്നതിനിടയാക്കുന്നതെന്ന് യാത്രക്കാർ പറയുന്നു.